ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന് 13.52 കോടി
01:15 AM Jun 07, 2023 | Deepika.com
കാക്കനാട്: തൃക്കാക്കര നഗരസഭാ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് 13.52 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം.നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. സ്വകാര്യ കൺസൾട്ടൻസിയായ പിത്തവാടൻ ആൻഡ് പാർട്ട്നേഴ്സ് തയാറാക്കിയ എസ്റ്റിമേറ്റ് തുകയായ 13.52 കോടി രൂപയുടെ എസ്റ്റിമേറ്റാണ് അംഗീകരിച്ചത്. തൃക്കാക്കര നഗരസഭാ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലായിരുന്നു. മേൽക്കൂരയിൽനിന്ന് കോൺക്രീറ്റ് പാളികൾ അടർന്നു വീഴുകയാണ്. 38 വർഷം മുമ്പ് അന്നത്തെ പഞ്ചായത്ത് പണികഴിപ്പിച്ചതാണ് കെട്ടിടം. ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുമെന്ന് പിന്നീട് നഗരസഭയായപ്പോൾ പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നും നടന്നിരുന്നില്ല.