എയര്‍പോര്‍ട്ട് അധികൃതരെ വെട്ടിച്ച് കടത്തിയ സ്വര്‍ണവുമായി യുവാവ് അറസ്റ്റില്‍
12:54 AM Jun 07, 2023 | Deepika.com
കാഞ്ഞങ്ങാട്: എയര്‍പോര്‍ട്ട് അധികൃതരെ വെട്ടിച്ച് എമര്‍ജന്‍സി ലൈറ്റിന് അകത്ത് ഈയം പൂശി 858 ഗ്രാം സ്വര്‍ണം കടത്തിയ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ. ചിത്താരി വിപി റോഡിലെ നിസാറിനെ(36)യാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന് നായരുടെയും ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി. ഷൈനിന്റെയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പുതിയകോട്ടയില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ദുബായിയില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരം ഏഴോടെയാണ് നിസാര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത്. ചിത്താരിയിലേക്ക് കാറില്‍ വരുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ 3.30ഓടെയാണ് പിടിയിലായത്. ബാഗില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.പോലീസ് സംഘത്തില്‍ എഎസ്ഐ ശശിധരന്, സിപിഒ സുജിത്, ഡ്രൈവര്‍ സനൂപ് എന്നിവരുമുണ്ടായിരുന്നു.