മറയൂര്‍: രുചികൊണ്ടും ഗുണം കൊണ്ടും മൂല്യമേറി ഭൗമസൂചിക പട്ടികയില്‍ ഇടംനേടിയ മറയൂര്‍ ശര്‍ക്കരയ്ക്ക് ബദലായി തമിഴ്നാട്ടില്‍ നിന്നെത്തിക്കുന്ന വ്യാജന് പ്രദേശത്തെ കര്‍ഷകരുടെ മധുരം കവരുന്നു. വ്യാജനെതിരേ നടപടി വേണമെന്ന് അപേക്ഷിച്ച് പ്രദേശത്തെ കര്‍ഷകര്‍ കൃഷി ഓഫീസര്‍ക്ക് പരാതി നല്കി. നാച്ചിവയല്‍ സ്വദേശി ആര്. സേവ്യര്‍, പെരിയപെട്ടി സ്വദേശി പരമശിവന്, മാശിവയല്‍ സ്വദേശി ടി. പാണ്ടി എന്നിവരടങ്ങുന്ന കര്‍ഷകരാണ് പരാതി നല്‍കിയത്.
ഉപഭോക്താക്കള്‍ക്കിടയില്‍ മറയൂര്‍ ശര്‍ക്കരയ്ക്കുള്ള പ്രചാരം കണക്കിലെത്ത് അമിത ലാഭത്തിനായി പ്രദേശത്തെ ചിലര്‍ തമിഴ്നാട്ടില്‍നിന്നു കരിമ്പ് എത്തിച്ച് പ്രദേശത്തെ ആലകളില്‍ ശര്‍ക്കര നിര്മച്ചും ശര്‍ക്കരതന്നെ നേരിട്ടെത്തിച്ചുമാണ് പ്രദേശത്ത് വിറ്റഴിക്കുന്നത്. ഇത് ഇവിടെ പരമ്പരാഗതമായി ശര്‍ക്കര ഉത്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പ്രദേശത്തെത്തുന്ന വിനോദ സഞ്ചാരികൾക്കും മറ്റും ഉപ്പുരസം കൂടിയ വ്യാജ ശര്‍ക്കര വിറ്റഴിക്കുന്നതിലൂടെ യഥാര്‍ഥ മറയൂര്‍ ശര്‍ക്കരയുടെ പ്രചാരത്തിന് കോട്ടം തട്ടുമെന്നും കര്‍ഷകര്‍ പരാതിയില്‍ പറയുന്നു.
പ്രദേശത്തെ കരിമ്പുകൃഷിയെതന്നെ പ്രതിസന്ധിയിലാക്കി
തമിഴ്നാട്ടില്‍നിന്നു വ്യാജ ശര്‍ക്കര എത്തിക്കുന്നവര്ക്കെതിരേ നിയമ നടപടി സ്വീകരിച്ച് കര്‍ഷകരെ പ്രതിസന്ധിയില്‍നിന്നു കരകയറ്റമെന്നാണ് ഇവരുടെ ആവശ്യം.
മറയൂര്‍ ശര്‍ക്കരയ്ക്ക് വ്യാജന്
11:38 PM Jun 06, 2023 | Deepika.com