ചെറുപുഴ: പ്രാപ്പൊയിൽ ഈസ്റ്റിൽ കൈത്തോട് മണ്ണിട്ട് നികത്തി കൈയേറിയതായും സമീപവാസികളുടെ വഴി തടസപ്പെടുത്തിയതായും പരാതി. സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കയ്യാല കെട്ടുന്നതുമായി ബന്ധപ്പെട്ട് മണ്ണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കൈത്തോട്ടിലേക്ക് മാന്തിയിട്ടിരുന്നു. ഇതോടെ കൈത്തോട് മറിഞ്ഞു. കൂടാതെ വലിയ കല്ലുകൾ ഇട്ട് വഴി തടസപ്പെടുത്തുകയും ചെയ്തു.
ശക്തമായ മഴ പെയ്താൽ കൈത്തോടിലെ മണ്ണ് കുത്തിയൊലിച്ചു സമീപത്തെ പറമ്പുകളിലും കിണറുകളിലും എത്താനുള്ള സാധ്യതയുണ്ടെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഡിസിസി നിർവാഹക സമിതിയംഗം തങ്കച്ചൻ കാവാലം, എ. ബാലകൃഷ്ണൻ, മഹേഷ് കുന്നുമ്മൽ, ടി.പി. ചന്ദ്രൻ, ടി.പി. ശ്രീനിഷ്, സലീം തേക്കാട്ടിൽ, പി. മിഥുൻ, പി.പി. ബാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ കെ.ഡി. പ്രവീൺ, രേഷ്മ വി.രാജു, ലൈസമ്മ പനയ്ക്കൽ, മിനി മാത്യു, ജോയ്സി ഷാജി, ഷാന്റി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ചത്.
കൈത്തോട് മണ്ണിട്ട് നികത്തി കൈയേറിയെന്ന് പരാതി
01:02 AM Jun 06, 2023 | Deepika.com