പാലാ: പരിസ്ഥിതിബോധത്തില്‍ അടിയുറച്ച ദൈവശാസ്ത്രബോധനമാണ് സഭയുടെ മുഖമുദ്രയെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പരിസ്ഥിതി ദിനാചരണത്തിന്റെ രൂപതാതല ഉദ്ഘാടനം ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ എൻജിനിയര്‍ ബി. ബിജു, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, മെഡിസിറ്റി ഡയറക്ടര്‍മാരായ ഫാ. ജോസ് കീരഞ്ചിറ, ഫാ. ഇമ്മാനുവല്‍ പാറേക്കാട്ട് എന്നിവരും ഫാ. മാത്യു ചേന്നാട്ട്, ഫാ. അഗസ്റ്റിന് കൊഴുപ്പന്‍കുറ്റി, ഫാ. തോമസ് മണ്ണൂര്‍, ഡോ. പൗളിന് ബാബു, ഡോ. സാബു ഡി. മാത്യു, ഡാന്റീസ് കൂനാനിക്കല്‍, ഡോ. രശ്മി നായര്‍, ജസ്റ്റിന് തോമസ്, അനൂപ് ചാക്കോ, മെര്‍ളി ജയിംസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ അഗ്രിമ സെന്‍ട്രല്‍ കാര്‍ഷിക നഴ്സറിയുടെ ആഭിമുഖ്യത്തില്‍ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഫലവൃക്ഷത്തൈകള്‍, പച്ചക്കറിത്തൈകള്‍ എന്നിവയുടെ വിതരണവും തൈ നടീലും നടന്നു. വിദേശ ഇനങ്ങളടക്കം വിവിധയിനം ഫലവൃക്ഷത്തൈകള്‍ സബ്സിഡി നിരക്കില്‍ പാലാ അഗ്രിമ സെൻട്രല്‍ നഴ്സറിയില്‍നിന്നു ലഭ്യമാണെന്ന് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ അറിയിച്ചു.
ഹരിതസഭകള്‍
അനിവാര്യം: എംഎൽഎ
കുറവിലങ്ങാട്: ഹരിതസഭയും പഞ്ചായത്ത് നടപ്പിലാക്കുന്ന സ്വാസ്ഥ്യം പദ്ധതിയും മാതൃകാപരമാണെന്നും ആളുകള്‍ സ്വയം സന്നദ്ധരായി കൂടുതല്‍ സഹകരിച്ചാല്‍ മാലിന്യരഹിത കുറവിലങ്ങാട് നൂറു ശതമാനം വിജയമാകുമെന്നും മോൻസ് ജോസഫ് എംഎല്‍എ. നവകേരളം വൃത്തിയുള്ള കേരളം എന്ന കാമ്പയിന്റെ ഭാഗമായി കുറവിലങ്ങാട് പഞ്ചായത്ത് സംഘടിപ്പിച്ച ഹരിതസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.
ജൽ ജീവന് മിഷന് അങ്കണവാടികള്‍ക്ക് സംഭാവന ചെയ്ത തുണിസഞ്ചി, ബാഗ്, വാട്ടര്‍ ഡിസ്പെന്സര്, അങ്കണവാടി കുട്ടികള്‍ക്ക് വിതരണം ചെയ്ത വാട്ടര്‍ ബോട്ടിലുകളുടെ വിതരണവും എംഎല്‍എ നിര്‍വഹിച്ചു. ഹരിതകര്‍മ സേനാംഗങ്ങളെ എംഎല്‍എ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രദീപ് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തിലെ ഗ്രീന്‍ അംബാസിഡറായി ശാലിനി സജിയെ പ്രഖ്യാപിച്ചു.
പാലാ സബ് ജയിലില്‍
കൃഷിത്തോട്ടം ഒരുക്കി
പാലാ: ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി പാലാ സബ്ജയിലില്‍ അന്തേവാസികളുടെ സഹായത്തോടെ കൃഷിത്തോട്ടം ഒരുക്കി. ജയിലിന് പിന്നിലുള്ള പഴയ കെട്ടിടം പൊളിച്ച സ്ഥലത്താണ് കൃഷിയിടം നിര്‍മിച്ചിരിക്കുന്നത്. ജയിലിലെ ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റ് വളമാക്കിയാണ് കൃഷിയുടെ പരിപാലനം. പ്ലാവ്, തേക്ക്, മഹാഗണി എന്നിവയാണ് മരം ഇനത്തില്‍ നട്ടിരിക്കുന്നത്. പത്തോളം ഇനം പച്ചക്കറി തൈകളും കൃഷിയിടത്തില്‍ ഗ്രോബാഗുകളില്‍ ക്രമീകരിച്ചിട്ടുണ്ട്.
കൃഷിയിടത്തില്‍ നടന്ന മരം നടീലിന്റെ ഉദ്ഘാടനം മാണി സി. കാപ്പന് എംഎല്‍എ നിര്‍വഹിച്ചു. പാലാ കുടുംബ കോടതി ജഡ്ജ് ഇ. ആയൂബ് ഖാന് മുഖ്യാതിഥിയായി പങ്കെടുത്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ, കൗണ്‍സിലര്‍ ബിനു പുളിക്കണ്ടം, ബിജി ജോജോ എന്നിവര്‍ പങ്കെടുത്തു. പച്ചക്കറിതൈ നടീല്‍ ഉദ്ഘാടനം പാലാ ആര്‍ഡിഒ രാജേന്ദ്ര ബാബു നിര്‍വഹിച്ചു.
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളില്‍ പരിസ്ഥിതി ദിനാചരണ പരിപാടികള്‍ നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
പോസ്റ്റര്‍ രചന, ക്വിസ്മത്സരം, കവിതാരചന, കവിത ചൊല്ലല്‍, പച്ചക്കറിവിത്ത് വിതരണം, വൃക്ഷത്തൈ നടീല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണത്തിന് കുട്ടികളുടെ ഭവനങ്ങളില്‍ പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറി വിത്ത് വിതരണം ചെയ്തു. പരിസ്ഥിതി ദിനാചരണ പ്രതിജ്ഞ ചൊല്ലുകയും വൃക്ഷ സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനായി കുട്ടികളെ ഉള്‍പ്പെടുത്തി സ്കൂള്‍ മുറ്റത്തെ ഇലഞ്ഞിമരത്തെ കൈകോര്‍ത്ത് പിടിച്ച് ആദരിച്ചു.
മലയിഞ്ചിപ്പാറ: പരിസ്ഥിതി ദിനത്തിൽ ലക്കി സീഡ് പ്രവർത്തനവുമായി മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യുപി സ്കൂൾ. പച്ചക്കറി വിത്തുകൾ കൈകളിലൂടെ പരസ്പരം കൈമാറിക്കൊണ്ടിരിക്കുന്നതിനിടയിൽ ബെല്ലടിക്കുമ്പോൾ കൈവശം കിട്ടുന്നതാണ് ലക്കി സീഡ്. ഈ വിത്തുകൾ കൃഷി ചെയ്ത് മികച്ച വിളവെടുക്കുന്നവർക്ക് പിന്നീട് സമ്മാനവും നൽകും. സ്കൂൾ ഈ വർഷം നടത്തുന്ന സുസ്ഥിര ഭാവിക്ക് വിദ്യാർഥികൾ (സാഫ്) പ്രവർത്തന ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. തോട് നന്നായാൽ നാട് നന്നാവും കാമ്പയിനിൽ പാതാമ്പുഴ തോടിന് തീരത്ത് നടാനുള്ള കല്ലൻ മുളകൾ വിദ്യാർഥികൾക്ക് കൈമാറി. പ്ലാസ്റ്റിക് കൂടുകൾ ഒഴിവാക്കാനുള്ള ബദലുകളുടെ ഭാഗമായി കടലാസ് കൂടുകളുടെ നിർമാണവും വിതരണവും നടത്തി.
അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ വിവിധ വിഭാഗങ്ങളുടെ അഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണങ്ങൾക്കു തുടക്കമായി. ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം കോളജ് മാനേജർ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, ബർസാറും കോഴ്സ് കോ-ഓർഡിനേറ്ററുമായ ഫാ. ബിജു കുന്നക്കാട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു അനി ജോൺ, ഫിസിക്സ് വിഭാഗം മേധാവി ഡോ. സന്തോഷ് കുമാർ, ഐക്യുഎസി അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
പൂഞ്ഞാർ: സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു. സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ സിഎംഐ സ്കൂൾ മുറ്റത്ത് ഫലവൃക്ഷത്തൈകൾ നട്ട് എസ്പിസിയുടെ മധുരവനം പ്രോജക്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വിൽസൺ ജോസഫ്, ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, വിദ്യാർഥി പ്രതിനിധികളായ അലീന മാത്യു, ആരതി ബിൻസ് എന്നിവർ പരിസ്ഥിതിദിന സന്ദേശം നൽകി. സ്കൂൾ മുറ്റത്തെ ഇലഞ്ഞി മുത്തശ്ശിയെ യുപി ക്ലാസുകളിലെ കുട്ടികൾ ചേർന്ന് ആദരിച്ചത് ശ്രദ്ധേയമായി. കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന പ്രതിജ്ഞ, കവിതകൾ തുടങ്ങിയ പരിപാടികളും നടന്നു.
ചേന്നാട്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ സന്ദേശയാത്ര നടത്തി. വിദ്യാർഥികളും അധ്യാപകരും പിടിഎ അംഗങ്ങളും നാട്ടുകാരും അണിചേർന്നു. ഒരു ക്ലാസിനു ഒരു മരം എന്ന പദ്ധതിയിൽ ഓരോ ക്ലാസുകാരും ഓരോ വൃക്ഷത്തൈ സ്കൂളിന് നൽകി. സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറി വിത്തുകളും ഫലവൃക്ഷത്തൈകളും നട്ടു.ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അമ്പാറനിരപ്പേൽ: പരിസ്ഥിതി ദിനത്തിൽ പ്രകൃതിയുമായി ചങ്ങാത്തം കൂടി അമ്പാറനിരപ്പേൽ സെന്റ് ജോൺസ് സ്കൂൾ വിദ്യാർഥികൾ. സ്കൂൾ മാനേജർ ഫാ. ജോസഫ് മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി സെബാസ്റ്റ്യനും അധ്യാപകരും പരിസ്ഥിതിദിന സന്ദേശം നൽകി. പോസ്റ്റർ നിർമാണം, കവിതാലാപനം, പ്രസംഗം, ക്ലാസ് അടിസ്ഥാനത്തിൽ മരംനടൽ തുടങ്ങിയവ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിൽക്കുന്ന തണൽമരത്തെ പുൽകി കവിതാലാപനവും നടത്തി.
ചേര്‍പ്പുങ്കല്‍: ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാഘോഷം നടത്തി. അസിസ്റ്റന്റ് മാനേജര്‍ ഫാ. ചാള്‍സ് പേണ്ടാനത്ത് സ്കൂള്‍ കാമ്പസില്‍ മാവിന്‍തൈ നട്ട് ഉദ്ഘാടനം ചെയ്തു.
വാകക്കാട്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്കൂളില്‍ പരിപാലിക്കാം പരിസ്ഥിതിയെ - തോല്പിക്കാം പ്ലാസ്റ്റിക്കിനെ എന്ന പദ്ധതിക്കു തുടക്കം കുറിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വലിച്ചെറിയല്‍ മുക്ത കാമ്പസ് പദ്ധതിയും വാകക്കാട് സ്കൂളില്‍ ആരംഭിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ ചീരാംകുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കാമ്പസില്‍ ഫാ. മൈക്കിള്‍ ചീരാംകുഴി വൃക്ഷത്തൈ നട്ടു. നേച്ചര്‍ ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ പരിപാലിച്ച വൃക്ഷത്തൈകള്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജെറ്റോ ജോസഫ് കുട്ടികള്‍ക്ക് വിതരണം ചെയ്തു.
വനംവകുപ്പ് നടപ്പാക്കുന്ന നാട്ടുമാവും തണലും പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് പിടിഎ പ്രസിഡന്റ് റോബിന് അപ്രേം, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റ്റെസ് എന്നിവര്‍ നാട്ടുമാവിന് തൈകള്‍ വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ് കോ-ഓഡിനേറ്ററും കായികാധ്യാപകനുമായ മനു ജയിംസ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചെമ്മലമറ്റം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർഥികൾ പരസ്പരം വിത്തുകൾ കൈമാറി വേറിട്ട പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തി. നാടൻ പച്ചക്കറി വിത്തുകൾ, വൃക്ഷത്തൈകൾ, ഫലവൃഷത്തൈകൾ എന്നിവയുടെ വൻ ശേഖരമാണ് വിദ്യാർഥികൾ ഒരുക്കിയത്. ഹെഡ്മാസ്റ്റർ സാബു മാത്യു വിത്ത് കൈമാറ്റം ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർഥികൾ പരസ്പരം വിത്തുകൾ കൈമാറി.
പൂഞ്ഞാർ: എസ്എംവി സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മധുരവനം പ്രോജക്ട് പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, പൂഞ്ഞാർ കൃഷി ഓഫീസർ ഏബ്രഹാം സക്കറിയ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട: കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിക്കുകയും മരത്തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു. എസ്എച്ച്ഒ ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. റോസ്ലിറ്റ് മൈക്കിൾ, വി.എം. സിറാജ്, എസ്ഐ വി.എസ്. വിഷ്ണു, അധ്യാപക-വിദ്യാർഥി പ്രതിനിധി മെൽബിൻ തോമസ് എന്നിവർ പ്രസംഗിച്ചു.
ഈരാറ്റുപേട്ട: ഭൂമിയിൽ ജീവികളുടെ നിലനിൽപ്പിനായുള്ള പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് വിദ്യാർഥികളും പുതു തലമുറയും നേതൃത്വം നൽകണമെന്ന് ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് ആർ. കൃഷ്ണപ്രഭൻ. മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും വാക്കേഴ്സ് ക്ലബ്ബിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാക്കേഴ്സ് ക്ലബ് രക്ഷാധികാരി വി.എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ആർ. രമ്യ മുഖ്യസന്ദേശം നൽകി. അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ പരിസ്ഥിതി ക്ലാസെടുത്തു. പച്ചക്കറിത്തൈകളുടെ വിതരണവും നടന്നു.
തീക്കോയി: പഞ്ചായത്തിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ചു വലിച്ചെറിയൽ മുക്ത, ശുചിത്വ പഞ്ചായത്താക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടന്ന ഹരിതസഭയിൽ വൻ ജനപങ്കാളിത്തം. ഹരിത കർമസേനയുടെയും ആരോഗ്യപ്രവർത്തകരുടെയും പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനുള്ള രൂപരേഖ തയാറാക്കി അവതരിപ്പിച്ചു. ഹരിത കർമസേനാംഗങ്ങളെ ആദരിച്ചു. തുടർന്ന് വൃക്ഷത്തൈകളുടെ വിതരണവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ് അധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് കെ.സി. ജയിംസ് ഉദ്ഘാടനം ചെയ്തു.
മരങ്ങാട്ടുപിള്ളി: ഗ്രാമപഞ്ചായത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാതയോരങ്ങളുടെ ശുചീകരണം, സൗന്ദര്യവത്കരണം, ജലാശയങ്ങള്‍ വൃത്തിയാക്കല്‍, വനവത്കരണം, പൊതുഇടങ്ങള്‍ സൗന്ദര്യവത്കരിക്കല്‍, കുട്ടികള്‍ക്കായി പരിസ്ഥിതി ക്വിസ്, ചിത്രരചനാമത്സരം, ഹരിതസഭ, ഹരിത കര്‍മസേനാംഗങ്ങളെ ആദരിക്കല്‍ എന്നിവ സംഘടിപ്പിച്ചു.
പി. ശിവരാമപിള്ള മെമ്മോറിയല്‍ ലൈബ്രറി, കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവണ്മെന്റ് എല്‍പി സ്കൂള്‍ എന്നിവയും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് കുറിച്ചിത്താനം ശ്രീകൃഷ്ണ സ്കൂള്‍ മുതല്‍ കെ.ആര്. നാരായണന് മെമ്മോറിയല്‍ എൽപി സ്കൂള്‍ വരെ പാതയുടെ ഇരുവശവും വൃത്തിയാക്കി ചെടികള്‍ നട്ടു. മരങ്ങാട്ടുപിള്ളി-വളകുഴി തോട് ചെളി നീക്കി ആഴം കൂട്ടി മാലിന്യമുക്തമാക്കുകയും വശങ്ങളില് മുള നടുകയും ചെയ്തു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പരിസ്ഥിതിയെ ആധാരമാക്കി ക്വിസ് മത്സരവും വൃത്തിയുള്ള ജലാശയം എന്ന വിഷയത്തിൽ ചിത്രരചനാ മത്സരവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവലിന്റെ അധ്യക്ഷതയില്‍ നടന്ന ഹരിതസഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് ജോസഫ് പുളിക്കിയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബര്‍ പി.എം. മാത്യു ഹരിതകര്‍മ സേനാംഗങ്ങളെ ആദരിച്ചു.
വലവൂർ: ഗവ. യുപി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വലവൂരിനൊരു പരിക്രമണം പരിപാടി സംഘടിപ്പിച്ചു. കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം മുഖ്യാതിഥിയായി. ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വലവൂര്‍ ഗ്രാമത്തിന്റെ നാലു ദിക്കുകളിലും വൃക്ഷത്തൈ നടുന്നത്. തേന്മാവ്, ഞാവല്‍, കണിക്കൊന്ന എന്നീ വൃക്ഷത്തൈകളാണ് നട്ടത്.
ഹരിതശോഭയിൽ പരിസ്ഥിതിദിനാചരണം
10:47 PM Jun 05, 2023 | Deepika.com