കൊട്ടിയൂർ പന്ന്യാംമലയിൽ വീണ്ടും മാവോയിസ്റ്റ് സംഘം
12:42 AM Jun 05, 2023 | Deepika.com
കൊട്ടിയൂർ: കൊട്ടിയൂർ പന്ന്യാംമലയിൽ വീണ്ടും നാലംഗ മാവോയിസ്റ്റ് സംഘമെത്തി. ശനിയാഴ്ച വൈകുന്നേരമാണ് വേലിക്കകത്ത് മാത്യുവിന്റെ വീട്ടിൽ സംഘം എത്തിയത്. തങ്ങൾ മാവോയിസ്റ്റുകളാണന്നും നിങ്ങളെ ഉപദ്രവിക്കാൻ വന്നതല്ലെന്നും ഭക്ഷണത്തിനും ഫോൺ ചാർജ് ചെയ്യാനുമാണ് വന്നതെന്നും അറിയിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ ഫോണുകൾ വാങ്ങിവച്ചശേഷം ഭക്ഷണം പാചകം ചെയ്യാൻ ആവശ്യപ്പെട്ടു. അതു കഴിച്ചശേഷമാണു മടങ്ങിയത്. സംഘത്തിൽ ഒരു സ്ത്രീയും മൂന്നു പുരുഷൻമാരും ഉണ്ടായിരുന്നു. എല്ലാവരും ആയുധധാരികളായിരുന്നു. രാത്രി ഏഴോടെ എത്തിയ സംഘം രാത്രി 11 നാണ് മടങ്ങിയത്. കഴിഞ്ഞദിവസം ഇതേ സ്ഥലത്തുള്ള മുണ്ടക്കൽ അർജുനന്റെ വീട്ടിലും മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.