കൊച്ചി: നവീകരണത്തോടെ എറണാകുളം മറൈന്‍ഡ്രൈവ് മുഖം മിനുക്കിയെങ്കിലും വൃത്തിയുടെ കാര്യത്തില്‍ വാക്ക് വേയുടെ ഒരു ഭാഗം ഇപ്പോഴും പഴയപടി തന്നേ. മഴവില്‍ പാലത്തിന് സമീപം ജിസിഡിഎ കെട്ടിടത്തിന് സമീപത്തെ വാക്ക് വേയുടെ പരിസരങ്ങളിലാണ് മാലിന്യം തോന്നുംപടി കിടക്കുന്നത്. പ്രദേശത്ത് പക്ഷികളുടെ വിസര്‍ജ്യം മൂലം ഇരിക്കാനോ അതുവഴി നടക്കാനോ കഴിയാത്ത സാഹചര്യവുമാണെന്ന് ഇവിടെത്തുന്ന സഞ്ചാരികളും പറയുന്നു.
കൊച്ചി നഗരത്തിലടക്കം മാലിന്യ നീക്കം അവതാളത്തിലായതോടെ ഇവിടുത്തെ സ്ഥിതിയും വഷളായി. പ്രദേശത്ത് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ സിഎസ്എംഎല്എലിലെ കരാര്‍ തൊഴിലാളികള്‍ ശേഖരിച്ച് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന മാലിന്യ കൊട്ടയില്‍ ഇടാറുണ്ടെങ്കിലും ഇവ കൃത്യമായി നീക്കം ചെയ്യാറില്ല. പല ഭാഗങ്ങളും വലിയ പ്ലാസ്റ്റിക് കവറുകളിലായി മാലിന്യം കുന്നുകൂടികിടക്കുന്നുമുണ്ട്. ഇതുകൊണ്ടുതന്നേ പകല്‍ സമയങ്ങളിലും ഇവിടെ കൊതുക് ശല്യംരൂക്ഷമാണ്.
പ്രദേശത്തെ കടകളില്‍ നിന്ന് വെളളം വാക്ക്വേയിലേക്ക് ഒഴുക്കി കളയുന്ന സംഭവങ്ങളുമുണ്ട്. ഇവിടുത്തെ ഇരിപ്പിടങ്ങള്‍ പലതും പുതുക്കി പണിത് ഇരിപ്പിടയോഗയമാക്കിയിരുന്നെങ്കിലും പക്ഷികളുടെ വിസര്‍ജ്യം മൂലം ഇരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
അത്ര വൃത്തിയല്ല... മറൈന്‍ഡ്രൈവിലെ വാക്ക് വേ
12:26 AM Jun 05, 2023 | Deepika.com