ഈരാറ്റുപേട്ട: പരിസ്ഥിതി ദിനമായ ഇന്നു മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും വാക്കേഴ്സ് ക്ലബിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വൃക്ഷത്തൈ നടീലും പരിസ്ഥിതി ബോധവത്കരണ ക്ലാസും നടത്തും.
ഈരാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ആർ. കൃഷ്ണപ്രഭൻ ഉദ്ഘാടനം ചെയ്യും. വി.എം. അബ്ദുള്ളഖാൻ അധ്യക്ഷത വഹിക്കും. ജോർജുകുട്ടി കടപ്ലാക്കൽ ക്ലാസെടുക്കും. പച്ചക്കറിത്തൈകളും വിതരണം ചെയ്യും.
ചെമ്മലമറ്റം: പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ആയിരം വിദ്യാർഥികൾ വിത്തുകൾ കൈമാറും. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും വരുംദിവസങ്ങളിൽ വിത്തുകളും തൈകളും കൊണ്ടുവരും. ശേഖരിക്കുന്ന വിത്തുകളും തൈകളും പരസ്പരം കൈമാറുന്നതു വഴി ആയിരത്തോളം ഭവനങ്ങളിൽ വ്യത്യസ്ത ഇനം തൈകളും വിത്തുകളും എത്തും.
ഇന്നു രാവിലെ 10.30ന് സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റർ സാബു മാത്യു, പിടിഎ പ്രസിഡന്റ് ഷെറിൻ കുര്യാക്കോസ് തയ്യിൽ, അധ്യാപകരായ ജിജി ജോസഫ്, ഷേർളി തോമസ് എന്നിവർ പ്രസംഗിക്കും.
ചന്ദനത്തൈ വിതരണം
പ്ലാശനാൽ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണ മേഖലയിൽ എന്ന പദ്ധതിയുടെ ഭാഗമായി തലപ്പലം സർവീസ് സഹകരണ ബാങ്കിൽനിന്നു 50 ശതമാനം നിരക്കിൽ ചന്ദനത്തൈകൾ വിതരണം ചെയ്യും. വിതരണോദ്ഘാടനം ഇന്നു രാവിലെ 10ന് ബാങ്ക് ഹെഡ് ഓഫീസിൽ പ്രസിഡന്റ് എം.ജെ. സെബാസ്റ്റ്യൻ നിർവഹിക്കും.
ഹരിതസഭ
തലനാട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ സമാപനമായി ഇന്നു പരിസ്ഥിതി ദിനത്തിൽ ഹരിതസഭ ചേരും. പഞ്ചായത്ത് ഹാളിൽ ചേരുന്ന യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
പരിസ്ഥിതി ദിനാചരണം
10:40 PM Jun 04, 2023 | Deepika.com