കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട്, ചാവറ കള്‍ച്ചറല്‍ സെന്റര്‍, സേവ എന്നിവ സംയുക്തമായി നാളെ ഫോര്‍ട്ടുകൊച്ചി ബീച്ച് ശുചീകരണവും പരിസ്ഥിതി ദിനാചരണവും സംഘടിപ്പിക്കും. രാവിലെ ഏഴിന് ഫോര്‍ട്ടുകൊച്ചി ബീച്ചില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനം കെ.ജെ. മാക്സി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഫോര്‍ട്ടുകൊച്ചി ഡിവിഷന് കൗണ്‍സിലര്‍ അഡ്വ. ആന്റണി കുരീത്തറ മുഖ്യാതിഥി ആയിരിക്കും. പ്ലാസ്റ്റിക് വിഷയങ്ങളില്‍ ജനങ്ങളുടെ ഉചിതമായ നടപടി എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. ഈ പ്രമേയം ഉള്‍ക്കൊള്ളിച്ചുകൊണ്ട്, ജീവിക്കാം നമുക്ക് പ്രകൃതിയെ വേദനിപ്പിക്കാതെ, എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ് അറിയിച്ചു.
ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ബിജു വടക്കേല്‍, സിറിയക് ഏലിയാസ് വോളന്ററി അസോസിയേഷന് (സേവ) സെക്രട്ടറി ഫാ. മാത്യു കിരിയാന്തന്‍ എന്നിവര്‍ പ്രസംഗിക്കും. ചാവറയിലെ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുക്കും.
ഫോര്‍ട്ടുകൊച്ചി ബീച്ച് ശുചീകരണം നാളെ
07:17 AM Jun 04, 2023 | Deepika.com