കോട്ടയം: ബഹുജനപങ്കാളിത്തത്തോടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള “മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ജില്ലാ തല സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് സ്വാഗതസംഘം രൂപീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു.
ജില്ലാ ആസൂത്രസമിതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് സംഘാടകസമിതി അധ്യക്ഷ. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ കൺവീനറായിരിക്കും. നവകേരളം, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർമാർ ജോയിന്റ് കൺവീനർമാർ ആയിരിക്കും.
ജില്ലയിലെ എംപിമാർ, എംഎൽഎമാർ, നഗരസഭാ അധ്യക്ഷർ, ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർ, ജില്ലാ പ്ലാനിംഗ് ഓഫീസർ, ഡിപിസി അംഗങ്ങൾ, ഗ്രാമ, ബ്ളോക്ക്, നഗരസഭ അസോസിയേഷൻ, ചേംബർ പ്രതിനിധി, ജില്ലാതല ഏകോപനസമിതി അംഗങ്ങൾ, കെഎസ്ഡബ്ല്യൂഎംപി ഡെപ്യൂട്ടി ജില്ലാ കോഓർഡിനേറ്റർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജനകീയാസൂത്രണ ജില്ലാ ഫെസിലിറ്റേറ്റർ, ആർജിഎസ്എ ജില്ലാ കോഓർഡിനേറ്റർ എന്നിവർ സംഘാടകസമിതി അംഗങ്ങളാണ്.
സംസ്ഥാനത്തെ സമയബന്ധിതമായി മാലിന്യമുക്തമാക്കുക, കേന്ദ്രീകൃത മാലിന്യ സംസ്കരണ രീതിയിൽ ഊന്നിയുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ മാലിന്യം വലിച്ചെറിയൽ മുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് കാമ്പയിന്റെ അടിസ്ഥാനലക്ഷ്യങ്ങൾ.
രണ്ടരമാസത്തിലേറെയായി കാമ്പയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ സജീവമാണ്. ജില്ലാതല കാമ്പയിന്റെ ഭാഗമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കും അംഗങ്ങൾക്കും ശില്പശാല സംഘടിപ്പിച്ചു.
സിവിൽസ്റ്റേഷൻ അടക്കമുള്ള ജില്ലയിലെ സർക്കാർ ഓഫീസുകൾ വൃത്തിയാക്കി. പൊതുസ്ഥലത്തെ മാലിന്യം നീക്കി മാലിന്യം കൂടുതലായി നിക്ഷേപിക്കുന്ന പോയിന്റുകൾ അടയാളപ്പെടുത്തി. പൊതുജലാശയങ്ങൾ വൃത്തിയാക്കൽ സംഘടിപ്പിച്ചു. വലിയതോതിൽ മാലിന്യം ഉത്പാദിപ്പിക്കുന്ന വിഭാഗത്തിൽ വരുന്ന വ്യാപാരി-വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി. ശുചിത്വ സെമിനാറുകളും കുടുംബശ്രീയുടെ നേതൃത്വത്തിൽ ശുചിത്വാ വബോധോത്സവവും നടത്തി.
നാളെ നടത്തുന്ന ഹരിതസഭയുടെ മുന്നോടിയായി ഓൺലൈൻ യോഗങ്ങളും രണ്ടരമാസക്കാലമായ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചു.
സംഘാടകസമിതി യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.വി. സുനിൽ, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗമായ ഹൈമി ബോബി, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, കില കോഡിനേറ്ററും ജില്ലാ തല കാമ്പയിൻ കോഓർഡിനേറ്ററുമായ ശ്രീശങ്കർ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
മാലിന്യമുക്തം നവകേരളം കാമ്പയിൻ
06:23 AM Jun 04, 2023 | Deepika.com