കിടങ്ങൂര്‍: ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള ഇരുപതാം സ്നേഹവീടിന്റെ നിര്‍മാണം കിടങ്ങൂര്‍ എൻജിനിയറിംഗ് കോളജിനുസമീപം പൂര്‍ത്തീകരിച്ചു. സ്നേഹദീപം പദ്ധതിപ്രകാരം കിടങ്ങൂര്‍ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചിരിക്കുന്ന നാലാം സ്നേഹവീടാണിത്.
സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നടത്തും. പാദുവാ പള്ളി വികാരി ഫാ. തോമസ് ഓലായത്തില്‍ അധ്യക്ഷത വഹിക്കും.
കിടങ്ങൂര്‍ പഞ്ചായത്തിലെ സ്നേഹദീപം ഭവനപദ്ധതിയുടെ വാട്സാപ്പ് കൂട്ടായ്മയില്‍ 300 അംഗങ്ങളാണുള്ളത്. ഈ സുമനസുകളില്നിന്നു ലഭിക്കുന്ന തുകയ്ക്കു പുറമേ ബിസിഎം കോളജ് മുന്‍ അധ്യാപകന് പ്രഫ. എം.കെ. ലൂക്കാ, ബ്രില്യന്റ് ഡയറക്ടര്‍ ബി. സന്തോഷ് കുമാര്‍, ബിനോയി തയ്യില്‍ കൂടല്ലൂര്‍ എന്നിവര്‍ ഓരോ വീട് നിര്‍മാണത്തിനുള്ള നാലു ലക്ഷം രൂപ വീതം നല്കി. കിടങ്ങൂര്‍ പഞ്ചായത്തില്‍ അടുത്ത ആറു മാസത്തിനുള്ളില്‍ ആറു വീടുകളുടെ കൂടെ നിര്‍മാണം ഏറ്റെടുക്കണമെന്നാണ് ലക്ഷ്യം വച്ചിരിക്കുന്നതെന്ന് സ്നേഹദീപം കിടങ്ങൂര്‍ പ്രസിഡന്റ് പ്രഫ.ഡോ. മേഴ്സി ജോണ്‍, സെക്രട്ടറി ഗിരീഷ് കുമാര്‍ ഇലവുങ്കല്‍, ട്രഷറര്‍ എം. ദിലീപ് കുമാര്‍ എന്നിവര്‍ പറഞ്ഞു.
സ്നേഹദീപം ഇരുപതാം വീടിന്റെ താക്കോല്‍ സമര്‍പ്പണം ഇന്ന്
06:09 AM Jun 04, 2023 | Deepika.com