കോട്ടയം: സ്വകാര്യബസ് മേഖലയിലെ പ്രതിസന്ധി പരിഹരിച്ചു ബസ് മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് കെ.കെ. തോമസ് അഞ്ചു മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.12600ല്‍പ്പരം സ്വകാര്യ ബസുകളില്‍ കോവിജ് കാലത്തിനുശേഷം 7000ല്‍പ്പരം ബസുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ.
ഇതിനു പുറമെയാണ് വിവിധ കാരണങ്ങള്‍ പറഞ്ഞു സര്‍വീസ് നടത്തുന്ന ബസുകള്‍ പെര്‍മിറ്റ് നിഷേധിക്കുകയാണ്. ഇതു പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഇതിനു പുറമെ 140കിലോമീറ്ററില്‍പ്പരം ദൂരം ഒാര്‍ഡിനറി സര്‍വീസ് നടത്താന്‍ പാടില്ലെന്ന നിയമം സര്‍ക്കാര്‍ കര്‍ശനമാക്കി നടപ്പാക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള പെര്‍മിറ്റുകള്‍ ദൂരപരിധി പരിഗണിക്കാതെ പുതുക്കി നൽകണമെന്നും ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി എന്നീ കാറ്റഗറി ഒഴിവാക്കിയ സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കണമെന്നും വിദ്യാര്‍ഥി കണ്‍സഷനും കാലോചിതമായ മാറ്റം ഏര്‍പ്പെടുത്തി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ. കെ. തോമസ് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്.
യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഡാന്റീസ് അലക്സ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. സുരേഷ്, ടി.യു. ജോണ്‍, വിനോദ് കെ. ജോര്‍ജ്, പി.വി. ചാക്കോ പുല്ലത്തില്‍, ജോണി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുക: സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം
11:47 PM Jun 02, 2023 | Deepika.com