ഗാന്ധിനഗര്‍: നിയന്ത്രണം വിട്ട സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനു ഗുരുതരമായി പരിക്കേറ്റു. പുതുപ്പള്ളി മാടപ്പറമ്പില്‍ റെന്നിയാണ് അപകടത്തില്‍പ്പെട്ടത്. ഇയാളുടെ സ്കൂട്ടറില്‍നിന്നു കണ്ടെത്തിയ ലൈസന്‍സില്‍ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്. ഇന്നലെ വൈകുന്നേരം 3.45ന് കുമാരനല്ലൂര്‍ മേല്‍പ്പാലത്തിന് സമീപം കുമാരനല്ലൂര്‍-കുടമാളൂര്‍ റോഡില്‍ ആയിരുന്നു അപകടം. കുമാരനല്ലൂര്‍ മേല്‍പ്പാലം കയറി കുടമാളൂര്‍ ഭാഗത്തേക്കു പോയ സ്കൂട്ടര്‍ യാത്രികന് മുന്നില്‍ പോയ കാറിനെ മറികടക്കുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തെത്തുടര്‍ന്ന് റോഡില്‍ വീണുകിടന്ന ഇദ്ദേഹത്തെ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇദ്ദേഹത്തിന്റെ തലയ്ക്കാണ് പരിക്കെന്നു പോലീസ് പറഞ്ഞു.
അപകടത്തെത്തുടര്‍ന്ന് കുമാരനല്ലൂര്‍-കുടമാളൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. കുമാരനല്ലൂര്‍ മേല്‍പ്പാലം ഇറങ്ങിവരുന്ന ഭാഗത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്കു മുമ്പില്‍ റോഡിലേക്ക് നീക്കി നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ അപകടങ്ങള്‍ക്കു കാരണമാകുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ പാര്‍ക്കിംഗ് ഒഴിവാക്കുന്നതിന് പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നാണ്
ആവശ്യം.
സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനു പരിക്കേറ്റു
11:41 PM Jun 02, 2023 | Deepika.com