രാമപുരം: പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളായ ഇടക്കോലി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബസ് ഓട്ടം നിലച്ചിട്ട് നാളുകളായി. ഇടക്കോലിയിലേക്കുള്ള വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി അഡ്വ. ബിജു പുന്നത്താനത്തിന്റെ ശ്രമഫലമായി 2015 ല്‍ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍പ്പെടുത്തിയാണ് സ്കൂള്‍ ബസ് അനുവദിച്ചത്.
കേവലം ഏഴു വര്‍ഷം കഴിഞ്ഞപ്പോള്‍തന്നെ സ്കൂള്‍ ബസ് പൂര്‍ണമായും ഉപേക്ഷിച്ച നിലയിലാണ്. രണ്ടു വര്‍ഷക്കാലം കോവിഡ് മൂലം വാഹനം ഓടിക്കാനായില്ല. കോവിഡ് ലോക്ക്ഡൗണിന് ശേഷം വാഹനം പൂര്‍ണമായും ഉപയോഗശൂന്യമായ നിലയിലാണ്.
ബസ് വീണ്ടും നിരത്തിലിറക്കാനുള്ള യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാഹനം ഷെഡില്‍ കിടന്ന് നശിക്കുകയാണിപ്പോള്‍. അധ്യയന വര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ എത്രയും വേഗം സ്കൂള്‍ ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിന് ഫണ്ട് അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.
ഇടക്കോലി സ്കൂളിലെ ബസ് ഓട്ടം നിലച്ചു, വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
10:37 PM Jun 02, 2023 | Deepika.com