ഒറ്റപ്പാലം: സ്വീപ് ബസ് സ്റ്റാൻഡ് പദ്ധതിയുമായി ഒറ്റപ്പാലം പോലീസ് രംഗത്ത്.
അധ്യാന വർഷം ആരംഭിച്ച തോടുകൂടിയാണ് വിദ്യാർത്ഥികളെ കർശനമായി നിരീക്ഷിക്കുന്ന സ്വിപ് ബസ് സ്റ്റാൻഡ് പദ്ധതിയുമായി ഒറ്റപ്പാലം പോലീസ് രംഗത്തിറങ്ങിയത്. പുത്തൻ പ്രതീക്ഷകളുമായി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിക്കുന്നതിനിടയിൽ പഠനം ഉപേക്ഷിച്ച് വിദ്യാലയങ്ങളിൽ പോകാതെ കറങ്ങി തിരിയുന്ന വിദ്യാർഥികളെയും ബസ് സ്റ്റാൻഡിൽ തന്പടിക്കുന്ന വിദ്യാർഥികളെയും വിദ്യാലയങ്ങളിൽ എത്തിക്കാൻ ജാഗ്രത പുലർത്തുകയും യഥാസമയം ഇവരെ വീടുകളിൽ എത്തുന്നതിന് സക്രിയമായി ഇടപെടുകയും ചെയ്യുന്ന പദ്ധതിയാണ് ഇത്.
ഏറെ ജനശ്രദ്ധ ആകർഷിച്ചതാണ് ഒറ്റപ്പാലം പോലീസ് രൂപകല്പന ചെയ്ത സ്വീപ് ബസ് സ്റ്റാൻഡ് പദ്ധതി ഇത്തവണ ബസ് സ്റ്റാൻഡിൽ മാത്രം ഒതുങ്ങി നില്ക്കാതെ, ചെറിയ ഇടവഴികളിലൂടെയും പോലീസിന്റെ സാന്നിധ്യം ഉറപ്പു വരുത്തുന്ന രീതിയിലാണ് ഈ വർഷത്തെ പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്.
ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ കറങ്ങിത്തിരിഞ്ഞ് നടക്കുന്ന 12 ഓളം കുട്ടികളെ ഇന്നലെ വിദ്യാലയങ്ങളിൽ എത്തിക്കാൻ പോലീസിന് പദ്ധതി വഴി കഴിഞ്ഞു.
ഒറ്റപ്പാലം എസ്ഐ ഷാരുന ജയിലാനിയുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ സ്വീപ്പ് ബസ് സ്റ്റാൻഡ് പദ്ധതിക്ക് തുടക്കമിട്ടത്.
ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ഇടവഴികളിലും കറങ്ങി തിരിയുന്ന വിദ്യാർഥികൾ മയക്കുമരുന്നിന് ഇരകളാകുന്ന തായും ഇവരെ ലക്ഷ്യം വെച്ച് മയക്കുമരുന്ന് മാഫിയകൾ പ്രവർത്തിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പോലീസ് ശ്രദ്ധേയമായ സ്വിപ് ബസ്സ്റ്റാൻഡ് പദ്ധതി ആരംഭിച്ചത്.
വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ പോലീസിന്റെ സ്വീപ് ബസ് സ്റ്റാൻഡ് പദ്ധതി
12:53 AM Jun 02, 2023 | Deepika.com