പാലക്കാട്: ഐആർഎസി (ഇൻസിഡന്റ് റെസ്പോണ്‍സ് സിസ്റ്റം) യുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര. ഇതിന് കമ്മ്യൂണിക്കേഷൻ പ്ലാൻ പ്രധാനമാണെന്നും അത് ഉണ്ടാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഐആർഎസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലനത്തിൽ ജില്ലാ കളക്ടർ പറഞ്ഞു. എന്തുസംഭവങ്ങൾ ഉണ്ടായാലും അത് ജില്ലാ കളക്ടറെയോ എഡിഎമ്മിനെയോ അറിയിക്കണം.
ഐആർഎസിന്റെ പ്രവർത്തനങ്ങൾക്ക് ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും സഹകരണം ആവശ്യമാണ്.
ഈമാസം അഞ്ചിനകം എല്ലാ ഓഫീസുകളും ഹരിത ഓഫീസാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ദുരന്തങ്ങളുടെ വ്യാപ്തി കുറക്കുന്നതിനും ഐആർഎസ് ഉദ്യോഗസ്ഥർക്ക് അവരുടെ ചുമതലകൾ കൃത്യമായി നിർവഹിക്കുന്നതിനുമായാണ് പരിശീലനം സംഘടിപ്പിച്ചത്.
ഐആർഎസിന്റെ ഘടന, ഓരോ തലത്തിലുമുള്ള ഉദ്യോഗസ്ഥർ എങ്ങനെ പ്രവർത്തിക്കണം, ഓരോരുത്തരുടെയും ഉത്തരവാദിത്തങ്ങൾ എന്തെല്ലാം എന്നിവ സംബന്ധിച്ച് ക്ലാസുകൾ നടന്നു.
വണ്ടാഴി രണ്ട് വില്ലേജ് ഓഫീസർ സിജി എം. തങ്കച്ചൻ, അട്ടപ്പാടി തഹസിൽദാർ പി.എ. ഷാനവാസ് ഖാൻ എന്നിവർ ക്ലാസുകളെടുത്തു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിൽ എ.ഡി.എം കെ. മണികണ്ഠൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
ജാഗ്രത വേണം, ഐആർഎസ് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നു കളക്ടർ
12:52 AM Jun 02, 2023 | Deepika.com