ചങ്ങനാശേരി: കുറിച്ചി സചിവോത്തമപുരം ഹെല്‍ത്ത് സെന്ററിനെതിരേ ചിലര്‍ നടത്തുന്ന ആരോപണം തെറ്റാണെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
2017 മുതല്‍ സംസ്ഥാനത്ത് നിപ്പാ, കോവിഡ്, പക്ഷിപ്പനി, ഡെങ്കിപ്പനി, പന്നിപ്പനി, മുതലായ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്ന് ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി നിയോജകമണ്ഡലത്തിലെ ഒരു സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സചിവോത്തമപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 1.79 കോടി രൂപ ചെലവഴിച്ച് ആധുനിക ഐസോലേഷന് വാര്‍ഡ് നിര്‍മിക്കുന്നത്. 10 ഐസിയു കിടക്കകള്‍, എല്ലാ കിടക്കള്‍ക്കും ഓക്സിജന്‍ സൗകര്യം, അത്യാധുനിക രീതിയിലുള്ള ലാബ്, എക്സറേ, ഇസിജി സംവിധാനം, 24 മണിക്കൂറും ഡോക്ടറുടെ സേവനം എന്നിവയെല്ലാം സൗജന്യമായി രോഗികള്‍ക്ക് ലഭിക്കുന്ന രീതിയിലാണ് വാര്‍ഡ് നിര്‍മിക്കുന്നത്.
ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മാണ ചുമതല സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള കേരള മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ലിമിറ്റഡിനാണ്. തൃശൂര്‍ ജില്ല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കെട്ടിടം നിര്‍മിക്കുന്നത്. പുതിയ വാര്‍ഡ് സാംക്രമിക രോഗങ്ങളുടെ നിര്‍മാര്‍ജനത്തിനും രോഗബാധിതരുടെ ആരോഗ്യ പരിരക്ഷയ്ക്കും വേണ്ടിയായതിനാല്‍ ആശുപത്രിയുടെ മറ്റു കെട്ടിടങ്ങളുടെ ഭാഗമല്ലാതെ വേണമെന്നതിനാലാണ് ഇപ്രകാരം നിര്‍മാണം നടത്തുന്നത്.
ഇതിന്റെ മുകളിലോ, ചേര്‍ന്നോ, കൂട്ടിച്ചേര്‍ത്തോ മറ്റ് നിര്‍മാണ പ്രവര്‍ത്തനം പാടില്ലെന്ന് ലോക ആരോഗ്യ സംഘടനയുടെയും സംസ്ഥാന ആരോഗ്യവകുപ്പിന്റെയും കര്‍ശന നിര്‍ദേശമുള്ളതിനാലാണ് പ്രീഫാബ്രിക്കേറ്റഡ് രീതിയിലുള്ള ഐസെലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കുന്നത്.
കാലപ്പഴക്കം നേരിട്ട പഴയകെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് വനിതകള്‍ക്കും പുരുഷന്മാര്ക്കും കുട്ടികള്ക്കമായി പ്രത്യേക കിടത്തി ചികിത്സ വാര്‍ഡുകള്‍, ലാബുകള്‍, ലേബര്‍ റൂം, മൈനര്‍ ഓപ്പറേഷന് തീയേറ്റര്‍ ഉള്‍പ്പെടുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തങ്ങളുടെ ഒന്നാംഘട്ട നടപടികള്‍ നടന്നു വരികയാണ്. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളില്‍നിന്ന് രണ്ടുകോടി രൂപയും ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 35 ലക്ഷം രൂപയും സബ്സെന്ററുകള്ക്കായി ഏഴ്ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
വസ്തുത ഇതായിരിക്കെ, ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനും തത്പരകക്ഷികള്‍ നടത്തുന്ന ശ്രമം ജനങ്ങള്‍ തിരിച്ചറിയുമെന്നും എംഎല്‍എ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ പള്ളം ബ്ലോക്ക് പഞ്ഞായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്, എച്ച്എംസി അംഗങ്ങളായ കെ.ഡി. സുഗതന്, എം.എന്‍. മുരളീധരന് നായര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയന്തി എന്നിവരും പങ്കെടുത്തു.
സചിവോത്തമപുരം ഹെല്‍ത്ത് സെന്ററില്‍ നടക്കുന്നത് കോടികളുടെ വികസന പദ്ധതികള്‍: ജോബ് മൈക്കിള്‍
12:47 AM Jun 02, 2023 | Deepika.com