അതിരമ്പുഴ: ഒരുമിച്ചു പിറന്ന മൂവർ സംഘം പ്രവേശനോത്സവ ചടങ്ങിലെ താരങ്ങളായി. അതിരമ്പുഴ സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ നടന്ന പഞ്ചായത്തുതല പ്രവേശനോത്സവത്തിൽ ശ്രദ്ധാകേന്ദ്രങ്ങളായത് ശിവപ്രിയ പണിക്കർ, ശിവപ്രഭ പണിക്കർ, ശിവപ്രീതി പണിക്കർ എന്നിവരാണ്.
ഒരേപോലുള്ള പുത്തനുടുപ്പുമണിഞ്ഞ് കൗതുകമൊളിപ്പിച്ച കണ്ണുകളുമായി ആഹ്ലാദ നിറവിൽ സെന്റ് അലോഷ്യസിന്റെ പടവുകൾ കയറിയ ഇവരെ ഹെഡ്മിസ്ട്രസ് സുനിമോൾ കെ. തോമസും അധ്യാപകരും വരവേറ്റു. ഉദ്ഘാടന ചടങ്ങിലെ വിഐപികളായി മാറിയ മൂവർ സംഘത്തിന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് കുര്യൻ സമ്മാനങ്ങൾ നൽകി.
ഏറ്റുമാനൂർ നെടുവത്തറ പി.ആർ. ബിബിന്റെയും നീനു കെ. ബേബിയുടെയും മക്കളാണ് ഈ കൊച്ചുമിടുക്കികൾ. ഇവരുടെ സഹോദരൻ ശിവമാധവ് രഘുവര പണിക്കർ ഇതേ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്.
മൂവർ സംഘം താരങ്ങളായി
11:17 PM Jun 01, 2023 | Deepika.com