കുന്നോന്നി: പൊതുമരാമത്ത് റോഡുകളില്‍ യാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും അപകടഭീഷണിയായി റബര്ത്തടികളുടെയും കോല്ത്തടികളുടെയും കയറ്റിറക്കലും റോഡിനിരുവശവും കൂട്ടിയിടുന്നതും നിയമവിരുദ്ധമാണെന്ന് ജനമൈത്രി റെസിഡന്റ്സ് വെല്‍ഫെയര്‍ കൗണ്‍സില്‍. ഇതിനെതിരേ പ്രാദേശിക ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും അടിയന്തര നടപടി സ്വീകരിക്കുകയും വേണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.
കുന്നോന്നി-ആലുംതറ റോഡില്‍ ചപ്പാത്ത് ജംഗ്ഷന് മുതല്‍ സീറോ പോയിന്റ് വരെ ഇത്തരത്തില്‍ റബര്ത്തടികള് കൂട്ടിയിട്ടിരിക്കുന്നതുമൂലം കഴിഞ്ഞ രണ്ടാഴ്ചയായി യാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസം നേരിടുന്നുണ്ട്. വീതികുറഞ്ഞ റോഡായതിനാല്‍ ലോഡിംഗ് കഴിഞ്ഞാല്‍ മാത്രമേ മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകുവാന്‍ സാധിക്കൂ.
റോഡിന്റെ വശങ്ങളിൽ റബര്‍ത്തടി ഇട്ടിരിക്കുന്നതുമൂലം ഓട അടഞ്ഞ് കല്ലും മണ്ണും മെറ്റലും റോഡിലേക്ക് കയറി അപകടമുണ്ടാക്കുകയാണ്. ഇന്നലെ രാവിലെ പത്രവിതരണത്തിനിടെ ഏജന്റിന്റെ ബൈക്ക് റോഡില്‍ കിടക്കുന്ന മെറ്റലില്‍ കയറി തെന്നിമറിഞ്ഞ സംഭവവുമുണ്ടായി. പിന്നീട് നാട്ടുകാര്‍ ശ്രമദാനം നടത്തിയാണ് റോഡിലെ കല്ലും മണ്ണും നീക്കം ചെയ്തത്.
പ്രദേശത്ത് അസൗകര്യമായി കൂട്ടിയിട്ടിരിക്കുന്ന റബർത്തടികള് എത്രയുംവേഗം നീക്കം ചെയ്യണമെന്ന് കച്ചവടക്കാരനോട് നാട്ടുകാർ ആവശ്യപ്പെട്ടു.
കുന്നോന്നി-ആലുംതറ റോഡിൽ തടി ലോഡിംഗ് അപകടഭീഷണിയായി
10:38 PM Jun 01, 2023 | Deepika.com