ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഗോപിനാഥ് മുതുകാടിന്റെ കൈത്താങ്ങ്
01:06 AM Jun 01, 2023 | Deepika.com
കാഞ്ഞങ്ങാട്: ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ആശ്രയമായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ജില്ലയില്‍ ആരംഭിക്കുന്ന ഡിഫറന്റ് ആര്‍ട്സ് സെന്ററിന്റെ പ്രഖ്യാപനം നടത്തി. തിരുവനന്തപുരത്ത് നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ തെളിച്ചുകൊണ്ടുവന്ന ദീപം കാഞ്ഞങ്ങാട് ചൈതന്യ ഓഡിറ്റേറിയത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ, ഡോ.മുഹമ്മദ് അഷീൽ, പ്രഫ.ഗോപിനാഥ് മുതുകാട് എന്നിവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാരായ ചന്ദ്രമതി, അരുണി, സുമതി, രാധ എന്നിവര്‍ക്ക് കൈമാറി. അവരാണ് വിളക്ക് തെളിച്ച് ഡിഫറന്റ് ആര്‍ട്സ് സെന്ററിന്റെ പ്രഖ്യാപനം നടത്തിയത്. മടിക്കൈ പഞ്ചായത്തിലെ അടുക്കത്ത്പറമ്പില്‍ ആരംഭിക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ പ്രഖ്യാപനവും നടന്നു. തിരുവനന്തപുരം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയില്‍ സെന്റര്‍ ആരംഭിക്കുന്നത്. ഇതിനായി 25 എക്കര്‍ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. കാസര്‍ഗോഡ് ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളെ മെച്ചപ്പെട്ട നിലയില്‍ എത്തിക്കുകയെന്നാണ് സെന്ററിന്റെ ലക്ഷ്യം. ഡിഫറന്റ് ആര്‍ട്സ് സെന്റര്‍ നിര്‍മിതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിന്നു കിട്ടുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. സ്ഥലം ഏറ്റെടുക്കാന്‍ പണം നല്കി സമൂഹ്യ പ്രവര്ത്തകന് എം.കെ.ലൂക്കോ, സ്ഥലം ഉടമ തങ്കമ്മ, രാധാകൃഷ്ണന് ചിത്ര എന്നിവരെ ആദരിച്ചു. സെന്റര്‍ ആരംഭിക്കുന്നതിനായുള്ള ആദ്യ സംഭാവനയായി 11,11,111 രൂപ കരുണാകരന് കരുണ കൈമാറി.നിരവധി സന്നദ്ധ സംഘടനങ്ങളും വ്യക്തികളും സംഭാവന നല്കി. തുടര്‍ന്ന് തിരുവനന്തപുരം സെന്ററില്‍ നിന്ന് എത്തിയ ഭിന്നശേഷിക്കുട്ടികളുടെ ദേശീയ ഗാനത്തോടെ രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന കലാപരിപാടികളും നടന്നു. ഇ.ചന്ദ്രശേഖരന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, വൈസ്പ്രസിഡന്റ് ഷാനവാസ് പാദൂര്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശോഭ, വൈസ്പ്രസിഡന്റ് കെ.സബീഷ് എന്നിവര്‍ സംബന്ധിച്ചു.