പേരാവൂർ: ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങിയ യാത്രക്കാരിയെ ഓട്ടോ ഡ്രൈവർ ജീവൻ പണയം വച്ച് രക്ഷപ്പെടുത്തി. പേരാവൂർ മണത്തണ സ്വദേശി ഹരിദാസനാണ് ട്രെയിൻ യാത്രികയെ രക്ഷിച്ചത്. ബുധനാഴ്ച രാവിലെ 7.40ന് തലശേരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന സമയത്താണ് കൂടെയുണ്ടായിരുന്ന ഭർത്താവ് കയറിയില്ലേ എന്ന സംശയത്തിൽ ഒരു സ്ത്രീ ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി ഇറങ്ങിയതും ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയതും. യുവതിയെയും കൊണ്ട് ട്രെയിൻ നീങ്ങുന്നത് കണ്ട് പ്ലാറ്റ് ഫോമിലുള്ളവർ ഒന്നടങ്കം പകച്ചു നിൽക്കുകയായിരുന്നു. ഇതിനിടെ അപകടം കണ്ട ഹരിദാസൻ ഓടിയെത്തി സ്ത്രീയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. ഒരു വേള ഹരിദാസനും ട്രെയിനിന് അടിയിൽപ്പെട്ടു പോകുമായിരുന്ന സാഹചര്യമായിരുന്നു.
സംഭവത്തിനു ശേഷം പ്ലാറ്റ് ഫോമിലുള്ളവരും യാത്രികരും പോലീസുമുൾപ്പെടെ രക്ഷകനെ അനുമോദിക്കാനായി തെരഞ്ഞെങ്കിലും ഇതിനകം ഹരിദാസൻ സ്ഥലം വിട്ടിരുന്നു. തനിക്ക് ചെയ്യാനായത് താൻ ചെയ്തെന്നുമാത്രമാണ് ഇതേ കുറിച്ച് ഹരിദാസൻ പിന്നീട് പറഞ്ഞത്.
ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കുടുങ്ങിയ യാത്രക്കാരിക്ക് ഓട്ടോഡ്രൈവർ രക്ഷകനായി
01:02 AM Jun 01, 2023 | Deepika.com