കണ്ണൂർ: തലശേരി അതിരൂപതയുടെ കോർപറേറ്റ് മാനേജരായും നിർമലഗിരി കോളജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച അന്തരിച്ച ഫാ. ജോൺ വടക്കുംമൂല മലബാറിലെ വിദ്യാഭ്യാസരംഗത്ത് നിസ്തുലമായ സേവനങ്ങളാണ് നൽകിയിട്ടുള്ളത്. പൗരോഹിത്യ ജീവിതത്തിലെ കൂടുതൽ സേവനവും വിദ്യാഭ്യാസ മേഖലയിലായിരുന്നു.
പാലാ രൂപതയിലെ മാന്നാര്‍ ഇടവകയിലെ പരേതരായ വടക്കുംമൂല വര്‍ക്കി-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് മാന്നാർ ഗവ. എൽപി സ്കൂൾ, സെന്റ് മൈക്കിൾസ് ഇംഗ്ലീഷ് ഹൈസ്കൂൾ കുടുത്തുരുത്തി, എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം 1956 ൽ പാലാ മൈനർ സെമിനാരിയിൽ ചേർന്നു.
ആലുവ മംഗലപ്പുഴ സെമിനാരിയിൽ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി. റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്നും ബിരുദം നേടി. 1964 ഡിസംബർ 31ന് മുംബൈയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിനിടയിൽ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. 1965 മാർച്ച് മുതൽ 1966 നവംബർ വരെ ബളാൽ, മാലോം, വെള്ളരിക്കുണ്ട് ദേവാലയങ്ങളുടെ വികാരിയായി നിയമിതനായി.
1966 നവംബർ 28ന് ഫാ. ജോൺ തലശേരി അതിരൂപതയുടെ സ്ഥാപനമായ നിർമലഗിരി കോളജിലെത്തി. നിർമലഗിരി ഇടവക വികാരി, കോളജ് ബർസാർ, ഹോസ്റ്റൽ വാർഡൻ എന്നീ മേഖലകളിൽ 1970 വരെ സേവനം ചെയ്തു. 1970 ജൂൺ മുതൽ 1972 ഏപ്രിൽ വരെ ബറോഡ എം.എസ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തുകയും രാഷ്ട്രമീംമാംസയിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. പഠനം പൂർത്തിയാക്കി തിരികെയെത്തി 1972 ഏപ്രിൽ മുതൽ തലശേരി രൂപതയുടെ അസിസ്റ്റന്റ് കോർപറേറ്റ് മാനേജരായി നിയമിതനായി. 1973 മേയ് മുതൽ വീണ്ടും നിർമലഗിരി കോളജിൽ ബർസാറായി ചാർജെടുത്തു.
1973 ജൂലൈ 18 മുതൽ പൊളിറ്റിക്സ് ലക്ചററായി നിയമിക്കപ്പെട്ടു. 1987 ഒക്ടോബർ ആറിന് നിർമലഗിരി കോളജ് പ്രിൻസിപ്പലായി നിയമിതനായി. 1995 മാർച്ച് 31ന് വിരമിക്കുന്നതുവരെ ഫാ. ജോൺ നിർമലഗിരി കോളജിനെ മുന്നിൽ നിന്ന് നയിച്ചു.
നിർമലഗിരി കോളജിൽനിന്നും വിരമിച്ച ഇദ്ദേഹം 1995 മേയ് മുതൽ 1998 മേയ് വരെ ചെറുപുഴ ഫൊറോന വികാരിയായി ശുശ്രൂഷ ചെയ്തു. 1998 മേയ് മുതൽ 2001 മാർച്ച് വരെ തലശേരി കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മാനേജരായി ശുശ്രൂഷ ചെയ്തു. 2001 മുതൽ ഫാ. ജോൺ വിശ്രമജീവിതം നയിക്കുകയായിരുന്നു.
അച്ചൻ നിർമലഗിരി കോളജിൽ പ്രിൻസിപ്പലായിരുന്ന കാലയളവിലായിരുന്നു നിർമലഗിരി കോളജ് കെട്ടിടം പണി പൂർത്തിയായത്. അച്ചൻ അതിരൂപത കോർപറേറ്റ് മാനേജരായിരുന്നു കാലഘട്ടത്തിലാണ് പ്ലസ്ടു സ്കൂളുകൾ അനുവദിച്ചുകിട്ടാൻ തുടങ്ങിയത്.
ഇടവകകൾ കടുത്ത സാന്പത്തിക വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ജോണച്ചന്റെ ധീരമായ നേതൃത്വമാണ് പല ഇടവകകളിലും പ്ലസ്ടുവിന് വേണ്ടി അപേക്ഷ കൊടുക്കാൻ പ്രേരണയായത്. 1998 ൽ തന്നെ നാലു സ്കൂളുകളും 2000 ൽ മൂന്ന് സ്കൂളുകളുമാണ് അനുവദിച്ചുകിട്ടിയത്. കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സ്കൂളുകളിൽ ആരംഭിച്ചതും ജോണച്ചനാണ്.
ഫാ. ജോൺ വടക്കുംമൂലയിൽ വിദ്യാഭ്യാസരംഗത്ത് നല്‍കിയത് വിസ്മരിക്കാനാകാത്ത സേവനങ്ങൾ
01:00 AM Jun 01, 2023 | Deepika.com