തൃപ്പൂണിത്തുറ: അമിത വേഗത്തിലെത്തിയ കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. ഭാര്യയേയും രണ്ടു മക്കളേയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദയംപേരൂർ നടക്കാവ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു സമീപം ഇല്ലിക്കൽ ജോസഫിന്റെ മകൻ ജിജോ ഡിക്കുഞ്ച (39) ആണ് മരിച്ചത്.
തിങ്കളാഴ്ച്ച രാത്രി 11 ഓടെ വൈക്കം റോഡിൽ ഹിൽപാലസ് പോലീസ് സ്റ്റേഷനടുത്തായിരുന്നു അപകടം. രാത്രി കുടുംബവുമൊത്ത് വീട്ടിലേക്കു വരുന്ന വഴി പോലീസ് സ്റ്റേഷനടുത്തുള്ള മിൽമ ഷോപ്പിൽ കയറി പാൽ വാങ്ങിച്ചതിന് ശേഷം തിരിച്ചു ചെന്ന് കുട്ടികൾക്കായി മിഠായിയും വാങ്ങി സ്കൂട്ടറിൽ പുറപ്പെട്ട ഉടൻ തന്നെ കോട്ടയം ഭാഗത്തു നിന്നു അമിതവേഗതയിലെത്തിയ കാർ റോഡ് മറികടന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണു ഗുരുതര പരിക്കേറ്റ യുവാവിനെയും കുടുംബത്തെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജിജോ രാത്രി 12.15 ഓടെ മരിച്ചു. ഭാര്യ ഗ്രീഷ്മയും മക്കളായ റയാനും റയ്സയും ആശുപത്രിയിൽ ചികിത്സയിലാണ്. റയാന് ആന്തരിക രക്തസ്രാവവുമുണ്ടായിരുന്നു. ജിജോയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്ക്കരിച്ചു. അമ്മ: ആഗ്നസ്. സഹോദരൻ: സിജോ.
അമിത വേഗത്തിലെത്തിയ കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു
10:36 PM May 30, 2023 | Deepika.com