പിലിക്കോട്: സ്കൂള്‍ തുറന്നാലും ഇത്തവണ സൈക്കിളെടുത്ത് പോകാനാവില്ലല്ലോ എന്ന സങ്കടമാണ് ദേശീയപാതയോരത്തെ മിക്ക സ്കൂളുകളിലെയും കുട്ടികള്‍ക്ക്. പലയിടത്തും പണി നടക്കുന്നതുമൂലമുള്ള ഗതാഗത തടസവും സര്‍വീസ് റോഡുകളിലൂടെ വഴിതിരിഞ്ഞുള്ള യാത്രയും അതിനിടയില്‍ ചീറിപ്പാഞ്ഞുവരുന്ന വലിയ വാഹനങ്ങളും അപകടസാധ്യത തീര്‍ക്കുമ്പോള്‍ ഇത്തവണ തത്കാലം സൈക്കിളെടുത്തു വരേണ്ടെന്ന നിര്‍ദേശമാണ് മിക്ക സ്കൂളധികൃതരും പിടിഎയും നല്‍കുന്നത്. ഇതില്‍ മിക്ക സ്കൂളുകളും മുന്‍വര്‍ഷങ്ങളില്‍ ലിംഗഭേദമന്യേ മുഴുവന്‍ കുട്ടികള്‍ക്കും സൈക്കിള്‍യാത്രയ്ക്ക് സൗകര്യമൊരുക്കി ശ്രദ്ധ നേടിയവയായിരുന്നു.
ആയിരത്തോളം കുട്ടികള്‍ സൈക്കിള്‍ ഉപയോഗിക്കുന്ന പിലിക്കോട് സികെഎന്‍എസ് ഗവ.സ്കൂളില്‍ ദേശീയപാതയുടെ പ്രവൃത്തി ഒരു ഘട്ടമെത്തുന്നതുവരെ സൈക്കിള്‍ ഒഴിവാക്കാനുള്ള നിര്‍ദേശം പിടിഎ മുഖേന കുട്ടികള്‍ക്ക് നല്‍കിക്കഴിഞ്ഞു. ദേശീയപാതയുടെ ഒന്നാംഘട്ട ടാറിംഗ് പൂര്‍ത്തിയായി വലിയ വാഹനങ്ങളെ അതിലൂടെ കടത്തിവിടാന്‍ തുടങ്ങിയാല്‍ സര്‍വീസ് റോഡിലൂടെ സൈക്കിളുകള്‍ക്ക് പോകാന്‍ അവസരം കിട്ടുമെന്നാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്കൂള്‍ അധികൃതരുടെയും പ്രതീക്ഷ.
തൊട്ടടുത്ത കരിവെള്ളൂര്‍ എവി സ്മാരക ഗവ.സ്കൂളില്‍ ദേശീയപാതയുടെ പടിഞ്ഞാറുവശത്തുനിന്നു വരുന്ന കുട്ടികള്‍ക്ക് പാതയില്‍ പ്രവേശിക്കാതെ തന്നെ സൈക്കിളുമായി സ്കൂളില്‍ കയറാന്‍ ഒരു വശത്തെ മതില് പൊളിച്ചിരിക്കുകയാണ്. മറുവശത്തുള്ള കുട്ടികള്‍ക്കായി ആ ഭാഗത്തുള്ള സ്വകാര്യ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കും. സൈക്കിള്‍ അവിടെ നിര്‍ത്തിയിട്ട് സ്കൂളിനു മുന്നിലുള്ള അടിപ്പാതയിലൂടെ നടന്നുവരാനാണ് കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ വര്‍ഷം പുതിയ സൈക്കിളുകളുടെ വില്പനയും കുറഞ്ഞതായി ഷോപ്പുടമകള്‍ പറയുന്നു.
സൈക്കിളിന്റെ കാര്യം പോയിട്ട് കുട്ടികള്‍ക്ക് നടവഴി തന്നെ ഇല്ലാതായ അവസ്ഥയിലാണ് മറ്റു പല സ്കൂളുകളും. ഏതു ഭാഗത്തുകൂടി വാഹനങ്ങള്‍ വരുമെന്നറിയാതെ പുഴ പോലെ വീതിയില്‍ കിടക്കുന്ന ദേശീയപാത എങ്ങനെ മുറിച്ചുകടക്കുമെന്ന ആശങ്കയിലാണ് കുട്ടികളും രക്ഷിതാക്കളും. പലയിടത്തും ഇരുവശങ്ങളിലും മതിലുകളും ഉയര്‍ന്നുകഴിഞ്ഞു. എല്‍പി സ്കൂള്‍ കുട്ടികളുള്‍പ്പെടെ അടിപ്പാതകള്‍ക്കായി മീറ്ററുകളോളം നടക്കേണ്ട അവസ്ഥയിലാണ് ഉള്ളത്.
ദേശീയപാത വഴിമുടക്കി; സ്കൂള്‍ തുറന്നാലും സൈക്കിളുകള്‍ സ്റ്റാന്‍ഡിലാകും
01:25 AM May 30, 2023 | Deepika.com