വൈപ്പിൻ: ക്ലച്ച് തകരാറിയതിനെത്തുടർന്ന് ആറര മാസത്തോളമായി ഫോർട്ടു വൈപ്പിൻ ജെട്ടിയിലെ മൂറിംഗിൽ കെട്ടിയിട്ടിരുന്ന സേതു സാഗർ-1 എന്ന റോ-റോ ജങ്കാർ ഇന്നലെ കൊച്ചിൻ ഷിപ്യാർഡിന്റെ ഡ്രൈ ഡോക്കിലേക്ക് മാറ്റി.
തകരാർ പരിഹരിക്കുന്നതിനൊപ്പം വാർഷിക അറ്റകുറ്റപ്പണികൾ കൂടി നടത്താനാണ് തീരുമാനം. ജങ്കാറിന്റെ ഉടസ്ഥരായ കൊച്ചിൻ കോർപറേഷൻ മുൻകൈ എടുത്താണ് ഇപ്പോൾ ജങ്കാർ ഷിപ്യാർഡിലേക്ക് മാറ്റിയത്. ഒരു മാസത്തിനുശേഷം പണികൾ കഴിഞ്ഞ് തിരികെ സർവീസി നിറക്കുമെന്നാണ് സൂചന.
2022 നവംബർ 14 നാണ് സേതു സാഗർ തകരാറിലായി സർവീസ് നിർത്തിവച്ചത്. അറ്റകുറ്റപ്പണിക്ക് മുംബൈയിൽ നിന്നും ആളെത്തണമെന്നാണ് അധികൃതർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇതൊന്നും നടന്നില്ല. ഇതോടെ ഒരു ജങ്കാർ മാത്രമായി തുടർന്ന ജങ്കാർ സർവീസിൽ യാത്ര ദുസഹമായി.
യാത്രക്കാർ സഹികെട്ടതോടെ വിവിധ സംഘടനകൾ സമരരംഗത്ത് ഇറങ്ങി. കോർപറേഷനെതിരെ ശക്തമായ വിമർശനം ഉയർന്നതോടെയാണ് അവസാനം ജങ്കാർ അറ്റകുറ്റപ്പണിക്കായി കയറ്റാൻ കോർപറേഷൻ തയാറായത്.
സേതുസാഗർ-1 അറ്റകുറ്റപ്പണിക്കായി ഷിപ്യാർഡിലേക്ക് മാറ്റി
01:03 AM May 30, 2023 | Deepika.com