പള്ളുരുത്തി: ഇടക്കൊച്ചിയിൽ വേഗതയിൽ വന്ന കാർ രണ്ടു ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളിക്ക് മുൻവശമായിരുന്നു അപകടം.
ഇരുചക്രവാഹനം ഓടിച്ചിരുന്ന തൃശൂർ കാട്ടുകുളങ്ങര വീട്ടിൽ പോൾ ജോസ്, ചോറ്റാനിക്കര പുത്തൻപുരയിൽ അഭിജിത്ത് എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇരുവർക്കും കാലിനാണ് പരിക്ക്. അഭിജിത്തിന്റെ കാൽ ഒടിഞ്ഞിട്ടുണ്ട്. ഇരുവരേയും നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഓവർടേക്ക് ചെയ്ത് വേഗതയിൽ വന്ന കാർ ആദ്യം ബൈക്കിലും പിന്നീട് ഡിയോ സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കും സ്കൂട്ടറും ഏതാണ്ട് പൂർണമായും, കാറിന്റെ മുൻവശവും തകർന്നിട്ടുണ്ട്.
അപകടത്തിൽ സമീപമുള്ള ചായക്കടയുടെ മതിലും തകർന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് കാറിനടിയിൽ കുരുങ്ങി ബൈക്ക് യാത്രികൻ തെറിച്ചു ദൂരേക്ക് വീഴുകയായിരുന്നു. പള്ളുരുത്തി പോലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് ബൈക്ക് പുറത്തെടുത്തത്.
ഇടക്കൊച്ചിയിൽ കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു; രണ്ടുപേർക്കു പരിക്ക്
01:03 AM May 30, 2023 | Deepika.com