തിരുമാറാടി: വേനൽ മഴയിലും കാറ്റിലും പഞ്ചായത്തിലെ മൂന്ന് വീടുകൾ തകർന്നു. മഴയെ തുടർന്നുണ്ടായ ശക്തമായ കാറ്റിൽ മരം വീണാണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിന് ഉണ്ടായ ശക്തമായ കാറ്റിലാണ് മരം കടപുഴകി വീണത്. തിരുമാറാടി പുന്നംകോട് മറ്റക്കാട്ട് ബൈജുവിന്റെ വീട് മരം വീണ് തകർന്നു. കുടുംബാംഗങ്ങൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
തിരുമാറാടി പുന്നംകോട് കുളത്തിങ്കൽ സുരേഷിന്റെ വീടും മരം വീണ് തകർന്നു. വീടിന്റെ പിൻവശമാണ് തകർന്നത്. ആളുകൾക്ക് പരിക്കില്ല. തിരുമാറാടി രണ്ടാം വാർഡ് മണ്ണത്തൂർ ഈറ്റാപ്പിള്ളി ഭാഗത്ത് പുന്നച്ചുവട്ടിൽ സാബു വർഗീസിന്റെ വീടും മരം വീണ് തകർന്നു. വാളിയാപ്പാടം മണ്ണത്തൂർ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. മണിമലക്കുന്ന് കോളജ് ഭാഗത്തും കാറ്റിൽ മരം വീണു. അഞ്ചൽപ്പെട്ടി-മൂവാറ്റുപുഴ റോഡിൽ പിറമാടം ഭാഗത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരങ്ങൾ വെട്ടിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
തിരുമാറാടിയിൽ മൂന്ന് വീടുകൾ തകർന്നു
01:00 AM May 30, 2023 | Deepika.com