കൽപ്പറ്റ: സർക്കാരിന്റെ സേവനങ്ങൾ ജനങ്ങളുടെ അവകാശമാണെന്നും ഇവയെല്ലാം കാലതമാസമില്ലാതെ ജനങ്ങൾക്ക് പ്രാപ്യമാകുന്പോഴാണ് നീതി പുലരുന്നതെന്നും തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കരുതലും കൈത്താങ്ങും സുൽത്താൻ ബത്തേരി താലൂക്ക്തല അദാലത്ത് ബത്തേരി ഡോണ് ബോസ്കോ കോളജിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക അദാലത്ത് പൊതുജനങ്ങൾക്ക് ആശ്വാസമാവുകയാണ്. ഏതൊക്കെയോ കാരണത്താൽ ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ പരിഹരിക്കുന്നതിനുള്ള വേദി കൂടിയായി മാറുകയാണ് കരുതലും കൈത്താങ്ങും. ജനങ്ങളുടെ പരാതികൾക്ക് ഒരു വേദിയിൽ പരിഹാരം കാണുകയാണ് ലക്ഷ്യം. ഇതിനായി സർക്കാർ വകുപ്പുതല സംവിധാനങ്ങളെല്ലാം അദാലത്ത് വേദിയിൽ സജ്ജമാക്കുന്നു. നിയമപരമായി തീർപ്പുണ്ടാക്കാൻ കഴിയുന്ന എല്ലാ പരാതികളും ഈ അദാലത്തിൽ പരിഹരിക്കാൻ കഴിയുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
അദാലത്തിൽ റേഷൻ കാർഡിന് അപേക്ഷിച്ച പുതാടി സ്വദേശി വിജയൻ, ഷഹർബാന എന്നിവർക്കുള്ള റേഷൻ കാർഡ് മന്ത്രി ഉദ്ഘാടന വേദിയിൽ വിതരണം ചെയ്തു. കായിക മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വനം വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
ജില്ലാ കളക്ടർ ഡോ. രേണുരാജ്, ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ. രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, എഡിഎം എൻ.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടർമാരായ കെ. അജീഷ്, വി. അബൂബക്കർ, കെ. ദേവകി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ജോസഫ് ചെറുകരക്കുന്നേൽ, ഡിഎഫ്ഒ ഷജ്ന കരീം, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.സമാപന വേളയിൽ ഡോൺബോസ്കോ കോളജിനുള്ള ഉപഹാരം മന്ത്രി എം.ബി. രാജേഷ് പ്രിൻസിപ്പൽ ജോൺസൺ പൊന്തേന്പിള്ളിക്ക് കൈമാറി.
കാലതാമസം വേണ്ട, സേവനങ്ങൾ ജനങ്ങളുടെ അവകാശമാണ്: മന്ത്രി എം.ബി. രാജേഷ്
12:29 AM May 30, 2023 | Deepika.com