കുറവിലങ്ങാട്: വികസനമുന്നേറ്റത്തിന്റെ പേര് തണല്‍. പദ്ധതിയുടെ ഒരുക്കങ്ങളുടെ ഭാഗമായി ആദ്യം ചെയ്തത് തണല്‍ മരങ്ങളുടെ വെട്ടിമാറ്റല്‍. തലമുറകള്‍ക്ക് തണലേകിയ കൂറ്റന്‍ മരങ്ങളാണ് വികസനത്തിന്റെ പേരില്‍ വെട്ടിമാറ്റിയത്.
രാജഭരണത്തിന്റെ ശേഷിപ്പുകള്‍ സ്വന്തമായുള്ള കോഴായിലാണ് ഈ വികസനം. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന ഭാഗത്താണ് തണല്‍ എന്ന പേരിലുള്ള വിനോദവിശ്രമകേന്ദ്രത്തിന്റെ നിര്‍മാണം ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബ്ലോക്ക് പഞ്ചായത്തിന്റെ വികസനത്തിലെ പ്രധാന പ്രവൃത്തിയായിരുന്നെങ്കിലും ഒരു സാമ്പത്തിക വര്‍ഷം പിന്നിട്ടതോടെയാണ് പദ്ധതിയുടെ തയാറെടുപ്പുകള്‍ ആരംഭിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ ഓഫീസിലേക്ക് കൽപ്പടവുകള്‍ കടന്നെത്തുന്നവര്‍ക്ക് തണലേകിയ മരങ്ങളാണ് ഇപ്പോള്‍ വെട്ടിമാറ്റിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു പുതിയ കെട്ടിടം പണിതീര്‍ത്തെങ്കിലും ചിലഭാഗങ്ങള്‍ നിലനിര്‍ത്തി ചില ഓഫീസുകളുടെ പ്രവര്‍ത്തനം അവിടെയാണ് നടന്നിരുന്നത്.
രണ്ടുകോടി രൂപചെലവഴിച്ചുള്ള നിര്‍മാണമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. വിനോദവിശ്രമകേന്ദ്രത്തില് ഹോട്ടല്‍, സെമിനാര്‍ ഹാള്‍, താമസസൗകര്യം എന്നിവയുണ്ടാകും. ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജില്ലാപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് കെട്ടിട നിര്‍മാണം.
സയന്‍സ് സിറ്റി യാഥാര്‍ഥ്യമാകുന്നതോടെ ഇവിടെ എത്തുന്നവര്‍ക്ക് പുതിയ കേന്ദ്രം ഏറെ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. മുന്‍മന്ത്രി കെ.എം. മാണിയുടെ പേരിലാണ് തണല്‍ കേന്ദ്രം ഒരുക്കുന്നത്.
പേര് തണല്‍ വിനോദ വിശ്രമകേന്ദ്രം; തുടക്കം തണല്‍മരങ്ങള്‍ വെട്ടിമാറ്റി
10:47 PM May 29, 2023 | Deepika.com