കൊച്ചി: ഇ-വെഹിക്കിള്‍ വ്യവസായങ്ങള്‍ക്കായി സംസ്ഥാനത്ത് സ്പെഷല്‍ സോണ്‍ തുറക്കുമെന്ന് മന്ത്രി പി. രാജീവ്. സംസ്ഥാനത്തെ വൈദ്യുതി വാഹന ഉടമകളുടെ കൂട്ടായ്മയായ ഇലക്ട്രിക് വെഹിക്കിള്‍സ് ഓണേഴ്സ് കേരളയുടെ(ഇവോക്) വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാറ്ററി ഉത്പാദനം, ടെക്നോളജി വികസനം തുടങ്ങിയ വിവിധങ്ങളായ വൈദ്യുതി വാഹന അനുബന്ധ വ്യവസായങ്ങള്‍ പ്രത്യേക സോണില്‍ പ്രവര്‍ത്തിപ്പിക്കാം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. കെഎസ്ഇബിയുടെയും സ്വകാര്യ കമ്പനികളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ വൈദ്യുതി വാഹന ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കളമശേരി ആഷിസ് കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനമൊട്ടാകെ ഇവോക് ആരംഭിക്കുന്ന 30 ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളുടെയും, ചാര്‍ജിംഗ് മൊബൈല്‍ അപ്ലിക്കേഷന്റെയും ലോഞ്ച് ഹൈബി ഈഡന് എംപി നിര്‍വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സുസ്ഥിര ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ പങ്കെടുത്ത വിവിധ സെമിനാറുകളും, അനുബന്ധ വ്യവസായങ്ങളുടെ പ്രദര്‍ശനങ്ങളും നടന്നു.
ഇവോക് സംസ്ഥാന പ്രസിഡന്റ് അഞ്ചല്‍ റെജിമോന്, സെക്രട്ടറി ഡോ. രാജസേനന് നായര്‍, ട്രഷറര്‍ എം.ഐ. വിശ്വനാഥന്, ചാര്‍ജ്മോഡ് സിഇഒ രാമനുണ്ണി, സംസ്ഥാനത്തെ നൂറുകണക്കിന് ഇലക്ട്രിക് വാഹന ഉടമകള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇ-വെഹിക്കിള്‍ വ്യവസായങ്ങള്‍ക്കായി സ്പെഷല്‍ സോണ്‍: മന്ത്രി പി. രാജീവ്
01:07 AM May 29, 2023 | Deepika.com