കോട്ടയം: ജില്ലയിലെ എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളും അവയുടെ പരിസരവും ഇന്നു പൊതു ശുചീകരണ യഞ്ജത്തിലൂടെ ശുചിയാക്കും.സിവില്‍ സ്റ്റേഷനും മിനി സിവില്‍ സ്റ്റേഷനും ഉള്‍പ്പെടെയുള്ള മുഴുവന്‍ ഓഫീസുകളും യജ്ഞത്തില്‍ ശുചീകരിക്കും. ശുചീകരണപ്രവര്‍ത്തനങ്ങള്‍ രാവിലെ ഒമ്പതിന് ആരംഭിക്കും.
ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ ഒമ്പതിന് കളക്ടറേറ്റ് പരിസരത്തു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.പി.കെ ജയശ്രീ അധ്യക്ഷത വഹിക്കും. ശുചീകരണ യഞ്ജത്തിലൂടെ ലഭിക്കുന്ന ജൈവ മാലിന്യങ്ങള്‍ കുഴി കമ്പോസ്റ്റുകളാക്കുകയോ അല്ലെങ്കില്‍ നിലവിലുള്ള ജൈവമാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ വഴിയോ സംസ്ക്കരിക്കേണ്ടതാണ്. അജൈവ മാലിന്യങ്ങള്‍ ഓഫീസ് പരിധിയിലുള്ള തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ട് ഹരിത കര്‍മസേനയ്ക്കു കൈമാറണം. ഇ-മാലിന്യങ്ങള്‍, ഉപയോഗ ശൂന്യമായ ഫര്‍ണിച്ചറുകള്‍ എന്നിവ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം. ക്ലീന്‍ കേരള കമ്പനി ഏജന്റുമാര്‍ മുന്‍കൂട്ടി അറിയിക്കുന്നതിനനുസരിച്ചുള്ള സമയങ്ങളില്‍ മാലിന്യങ്ങള്‍ നേരിട്ട് ശേഖരിക്കും.
ജില്ലാതല ഓഫീസ് മേധാവികള്‍ അവരുടെ പരിധിയില്‍ വരുന്ന മറ്റ് ഓഫീസുകളിലും ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കേണ്ടതും ശുചീകരണ യഞ്ജം നടപ്പിലാക്കിയെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന ഓഫീസുകളിലും തദ്ദേശ സ്ഥാപന പരിധിയില്‍ വരുന്ന ഘടക സ്ഥാപനങ്ങളിലും ശുചീകരണ യഞ്ജം സംഘടിപ്പിക്കുന്നുണ്ട്. ശുചീകരണ യഞ്ജത്തില്‍ ജില്ലയിലുള്ള എന്‍എസ്എസ്, എന്‍സിസി, എസ്പിസി, എന്‍വൈകെ വോളന്റിയര്‍മാരും പങ്കാളികളാകും. ജൂണ്‍ അഞ്ചിനു ജില്ലയിലെ എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളും ഹരിത ഓഫീസുകളായി പ്രഖ്യാപിക്കും.
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് ശുചീകരണ യജ്ഞം
11:55 PM May 28, 2023 | Deepika.com