എരുമേലി: കൊരട്ടി സെന്റ് ജോസഫ് പുത്തൻ പള്ളി വികാരി ഫാ. ജേക്കബ് ചാത്തനാട്ട് ഇപ്പോൾ നിറഞ്ഞ സംതൃപ്തിയിലാണ്. ഒപ്പം ഇടവകാംഗങ്ങളും.
പള്ളിയുടെ മുന്നിലുള്ള സ്കൂളിലേക്ക് ഒന്ന് നോക്കൂ എന്ന് പള്ളിയിൽ പ്രസംഗത്തിൽ പറഞ്ഞതായിരുന്നു തുടക്കം. പ്രസംഗം കേട്ട് മടങ്ങിയ വിശ്വാസികൾ റെഡിയായി സ്കൂളിലെത്തി. ആദ്യം മേൽക്കൂരയിലെ മുഴുവൻ ഓടുകളും പെറുക്കി താഴെ എത്തിച്ചു. പിന്നെ ചൂലുകൾ കൊണ്ട് ഓടുകളും പട്ടികകളും കഴുക്കോലുകളും വൃത്തിയാക്കി. കേടായ പട്ടികകൾ മാറ്റി പുതിയവ സ്ഥാപിച്ചു. ഏത് മഴയെയും നേരിടാൻ ശേഷി പകരുന്ന ആ ജോലികൾ ഉച്ചയ്ക്ക് ശേഷമാണ് പൂർത്തിയായത്. പിന്നെ ഓടുകൾ എല്ലാം മുകളിലെത്തിച്ച് ഓരോന്നായി സൂക്ഷ്മതയോടെ പാകി.
അടുത്ത അധ്യയന വർഷം തുടങ്ങാനിരിക്കേ അങ്ങനെ കൊരട്ടി സെന്റ് മേരീസ് യുപി സ്കൂളിന്റെ മേൽക്കൂര ബലവത്തായി. ജോലികൾ തീർത്ത് സുരക്ഷയുള്ള ക്ലാസ് മുറികൾ കുട്ടികൾക്ക് സമ്മാനിച്ച് ഇടവകാംഗങ്ങൾ പടിയിറങ്ങുമ്പോൾ സമയം സന്ധ്യ മയങ്ങിയിരുന്നു.
രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ട ആ പരിശ്രമത്തെ ഓർത്ത് ഇപ്പോൾ അതുവഴി കടന്നുപോകുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നെന്ന് പങ്കെടുത്തവർ പറയുന്നു.
സ്കൂളിന്റെ മേൽക്കൂര മിനുക്കി ഇടവകാംഗങ്ങൾ
10:40 PM May 28, 2023 | Deepika.com