എരുമേലി: എയ്ഞ്ചൽവാലിയിൽ 30ന് പട്ടയമേളയിൽ സർക്കാർ നൽകുന്ന പട്ടയങ്ങൾ രാഷ്ട്രീയ തട്ടിപ്പാണെന്ന ആന്റോ ആന്റണി എംപിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.
ഒരു ജനപ്രതിനിധിക്ക് യോജിച്ചതല്ല ഇതെന്നും പിശകുള്ള പട്ടയം കൊടുത്ത് ജനങ്ങളെ കബളിപ്പിച്ചതിന്റെ ജാള്യത മറയ്ക്കാനാണ് എംപി ഇപ്രകാരം നിലവാരമില്ലാത്ത പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുന്നതെന്ന് എംഎൽഎ പ്രസ്താവിച്ചു.
എൽഡിഎഫ് സർക്കാർ ഒന്നര വർഷം കൊണ്ട് മുഴുവൻ നടപടിക്രമങ്ങളും പൂർത്തീകരിച്ച് നിയമപരമായി പൂർണതയുള്ളതും 1964ലെ ഭൂമി പതിവ് ചട്ടങ്ങളിലെ ചട്ടം 24 പ്രകാരമുള്ള ഉപാധിരഹിത പട്ടയമാണ് നൽകുന്നത്. തങ്ങൾക്ക് സാധിക്കാതിരുന്നത് ഇച്ഛാശക്തിയും ജനകീയ പ്രതിബദ്ധതയുമുള്ള ഒരു സർക്കാർ നടപ്പിലാക്കുമ്പോൾ അസംബന്ധ പ്രസ്താവനയുമായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നത് ആർക്കും ഭൂഷണമല്ലെന്നും എംഎൽഎ പറഞ്ഞു.
പട്ടയവിഷയത്തിൽ എംപി തെറ്റിദ്ധാരണ പരത്തുന്നു: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
10:40 PM May 28, 2023 | Deepika.com