മാഹി: സമൂഹത്തിൽ നിലനിൽക്കുന്ന ഐക്യത്തെയും മതസഹോദര്യത്തെയും തകർക്കാൻ ചില ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനെ ധൈര്യപൂർവം ചെറുത്തുതോൽപ്പിക്കണമെന്നും മാധ്യമപ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസ്.
നമ്മുടെ ഐക്യത്തെയും മതസൗഹാർദത്തെയും തകർത്തുകൊണ്ട് നേട്ടങ്ങളുണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇത് അപകടകരമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമമേഖല വിമർശനത്തിനും ഓഡിറ്റിംഗിനും വിധേയമാക്കപ്പെടണം. കേരളത്തിൽനിന്നുകൊണ്ട് ഇന്ത്യയിലെ മാധ്യമപ്രവർത്തനത്തെ വിലയിരുത്താനാവില്ല.
കേരളത്തിൽ എന്തും തുറന്നുപറയാനുള്ള സാഹചര്യമുണ്ട്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ഇതല്ല അവസ്ഥ. കേരളത്തിനു പുറത്ത് ഭരണാധികാരികളെ വിമർശിച്ചാൽ മാധ്യമങ്ങൾക്ക് വലിയ വിലകൊടുക്കേണ്ടി വരുന്നുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും അന്വേഷണാത്മക പത്രപ്രവർത്തനം എന്നുപറയുന്നത് മന്ത്രിമാരുടെയും മറ്റും അഭിമുഖങ്ങൾ മാത്രമാണ്. കേന്ദ്രം ഭരിക്കുന്നവരെ വിമർശിക്കാൻ പാടില്ല എന്ന അവസ്ഥയിലേക്ക് മാധ്യമ സ്വാതന്ത്ര്യത്തെ തളച്ചിട്ടിരിക്കുകയാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. വിദ്യാലയങ്ങൾക്കൊപ്പം റബ്കോ പദ്ധതിയുടെ ഉദ്ഘാടനവും ജോൺ ബ്രിട്ടാസ് നിർവഹിച്ചു.
സമുദായമൈത്രിയും സാഹോദര്യവും തകർക്കാനുള്ള നീക്കം ചെറുക്കണം: ജോൺ ബ്രിട്ടാസ്
07:20 AM May 28, 2023 | Deepika.com