തൃപ്പൂണിത്തുറ: ടാങ്കർ ലോറി വർക്കേഴ്സ് ബിപിസിഎൽ യൂണിയന്റെ കുടുംബമേള കാരണം ഇന്ധന വിതരണം മുടക്കിയതായി ആക്ഷേപം. ഇരുമ്പനം അഴീക്കോട് സ്മാരക മന്ദിരത്തിൽ ഇന്ന് നടക്കാനിരിക്കുന്ന കുടുംബമേള പ്രമാണിച്ച് ഇന്നലെ രണ്ടാമത്തെ ഷിഫ്റ്റിലേക്കുള്ള ടാങ്കർ ലോറിയിലുള്ള ഇന്ധന വിതരണം പൂർണമായി നിർത്തിവച്ചതായും ലോഡ് എടുക്കാൻ തയാറായെത്തിയ ലോറി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ഇതോടെ സംസ്ഥാനത്തെ നൂറോളം പമ്പുകൾക്ക് ഇന്ധനം ലഭിക്കാതെയായിട്ടുണ്ടെന്നാണ് ആക്ഷേപം. മുൻകൂട്ടി അറിയിക്കാതെയാണ് ടാങ്കർ ലോറി യൂണിയൻ പണിമുടക്കിയതെന്നും ഇത് സംബന്ധിച്ച് കമ്പനിക്കോ ഡീലർമാർക്കോ യാതൊരുവിധ മുന്നറിയിപ്പും യൂണിയൻ നേതാക്കൾ നൽകിയിരുന്നില്ലെന്നും പറയുന്നു.
ഇതോടെ പണമടച്ച് ലോഡ് കാത്തിരുന്നവർക്ക് തിരിച്ചടിയായി. ഇന്ധനം സ്റ്റോക്കില്ലാതെ ബിപിസിഎല്ലിന്റെ ഒട്ടേറെ പമ്പുകൾ അടച്ചിടേണ്ട അവസ്ഥയുണ്ടായതായും പറയുന്നു. അതേ സമയം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള ജോലിക്കാർക്ക് പങ്കെടുക്കുന്നതിനുള്ള സൗകര്യാർഥമാണ് രണ്ടാമത്തെ ഷിഫ്റ്റിൽ ജോലിക്ക് ആളു കയറാത്തതെന്നാണ് യൂണിയൻ നേതാക്കളുടെ വിശദീകരണം.
യൂണിയൻ കുടുംബമേള : പമ്പുകളിലേക്കുള്ള ഇന്ധന വിതരണം മുടങ്ങിയതായി ആക്ഷേപം
06:41 AM May 28, 2023 | Deepika.com