കോലഞ്ചേരി: പുകയില നിയമലംഘനങ്ങൾ തടയുന്നതിനായി ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 11 സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി. തിരുവാണിയൂർ, മാമല, വണ്ടിപ്പേട്ട, കോലഞ്ചേരി, ചൂണ്ടി, പൂതൃക്ക എന്നിവിടങ്ങളിലായി 38 സ്ഥാപനങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. ഭക്ഷണശാലകൾ, സ്കൂൾ പരിസരം, പൊതുഇടങ്ങൾ, പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ഭക്ഷണശാലകളിലും തൊഴിലിടങ്ങളിലും പുകയിലരഹിത മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാതിരിക്കുക, കടകളിൽ പുകയില ഉത്പന്നങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുക, പൊതുസ്ഥലത്ത് പുകവലി പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ കടകളോടു ചേർന്നു ലൈറ്റർ, തീപ്പെട്ടി എന്നീ സൗകര്യങ്ങൾ അനുവദിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കാണ് പിഴയിട്ടത്. ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. സജിയുടെ നേതൃത്വത്തിൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഐ. ബദറുദീൻ, പി.ഡി. ആനിയമ്മ, എസ്. ശ്രീകാന്ത്, എം. മനീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ 11 സ്ഥാപനങ്ങൾക്ക് പിഴയിട്ടു
06:38 AM May 28, 2023 | Deepika.com