നെടുങ്കണ്ടം: സഹകരണ മേഖലയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഈ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്നതായും ഇതിനെതിരേ സമഗ്ര നിയമ ഭേദഗതി കൊണ്ടുവരുമെന്നും സഹകരണ രജിസ്ട്രേഷന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. കേരള ബാങ്ക് നടപ്പാക്കുന്ന പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് നെടുങ്കണ്ടത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബില്ല് പാസാകുന്നതോടെ ക്രമക്കേടുകള്‍ തടയാന്‍ കഴിയുമെന്നും വിശ്വാസ്യത വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു.
ദുര്‍ബലമായ സഹകരണ സംഘങ്ങള്‍ക്ക് കേരള ബാങ്കില്‍നിന്നു വായ്പ ലഭ്യമാക്കുകയും ഇത്തരം സംഘങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുമാണ് പുനരുദ്ധാരണ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ ജില്ലയില്‍നിന്ന് 20 സംഘങ്ങളെ തെരഞ്ഞെടുക്കുകയും ഇതില്‍ 15 സംഘങ്ങള്‍ക്ക് 81.50 കോടി രൂപ പലിശരഹിത വായ്പയായി നല്‍കുകയും ചെയ്യും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് നെടുങ്കണ്ടത്ത് നടന്നത്. യോഗത്തില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാ ത്യാഗരാജന് അധ്യക്ഷത വഹിച്ചു.
കേരള ബാങ്ക് ഡയറക്ടര്‍ കെ.വി ശശി, സി.ഇ.ഒ പി.എസ് രാജന്, പി.എന്‍ വിജയന്, ജോസ് പാലത്തിനാല്‍, കെ ദീപക്, കെ.ആര് സോദരന്, റെയ്നു, കെ.സി സഹദേവന്, ബി.പി പിള്ള, എം.ആര് രാജേഷ്, ലതാ പിള്ള, എം.എന്‍ ഗോപി, ടി.എം ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സഹകരണ മേഖലയുടെ വിശ്വാസ്യതയ്ക്ക് നിയമഭേദഗതി കൊണ്ടുവരും: മന്ത്രി
02:36 AM May 28, 2023 | Deepika.com