കാഞ്ഞിരപ്പള്ളി: 95 വർഷം പഴക്കമുള്ള തമ്പക മരത്തെ ആദരിക്കുന്നു. ടിബി റോഡില്‍ കരിപ്പാപ്പറമ്പില്‍ കെ.സി. ഡൊമിനിക്കിന്റെ (ബാബുച്ചായന്) വീട്ടുമുറ്റത്താണ് 95 വര്‍ഷം പ്രായമായ രണ്ടു തമ്പക മരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. കൊല്ലവർഷം 1103 പത്താം മാസം ഏഴിന് കരിപ്പാപ്പറമ്പ് തറവാട്ട് മുറ്റത്ത് കെ.സി. ഡൊമിനിക്കിന്റെ മുത്തച്ഛന് ഡൊമിനിക് തൊമ്മനാണ് നിലമ്പൂരിൽനിന്ന് കാഞ്ഞിരപ്പള്ളിയില്‍ തമ്പകത്തൈ എത്തിച്ചു നട്ടത്. മുത്തച്ഛന് നട്ടുവളത്തിയ മരം ഒരു നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് കൊച്ചുമകന് ഡൊമിനിക്കും.
ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് തമ്പകം പൂക്കുന്ന കാലം. കായ്കള്‍ പറന്നുവീണ് തൊട്ടടുത്ത തൊടികളിലും മരം വളര്‍ന്നു നില്‍പ്പുണ്ട്. അയണ്‍ വുഡ് ഓഫ് മലബാര്‍ എന്നാണ് ഇംഗ്ലീഷ് നാമം. ബ്രിട്ടീഷുകാര്‍ റെയില്‍വേ പാളം നിര്‍മാണം, ഡാം നിര്‍മാണം, തൂക്കുപാലം എന്നിവ നിര്‍മിക്കുന്നതിനു തമ്പകം ഉപയോഗിച്ചിരുന്നു.
95 വയസായ തമ്പകത്തെ വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി ജൂണ്‍ രണ്ടിന് ആദരിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ തിരി തെളിയിക്കും. ചടങ്ങില്‍ 100 തൈകള്‍ സൗജന്യമായി വിതരണം ചെയ്യും.
സ്കൂള്‍ വിദ്യാര്‍ഥികള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബിനു, കോ -ഓര്‍ഡിനേറ്റര്‍ ഗോപകുമാര്‍ കങ്ങഴ എന്നിവര്‍ നേതൃത്വം നല്‍കും.
95 വർഷം പഴക്കമുള്ള തമ്പകമരത്തെ ആദരിക്കുന്നു
01:43 AM May 28, 2023 | Deepika.com