കാക്കനാട്: യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. കരുമക്കാട് എൻജിനിയറിംഗ് കോളജിന് സമീപം പുതിവാംമൂലയിൽ മനോജ് തായി (43) ആണ് മരിച്ചത്.
ഇന്നലെ രാവിലെ മുതൽ യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് തൃക്കാക്കര പോലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്ഷേത്രക്കുളത്തിന് സമീപം മൊബൈൽ കണ്ടെത്തിയത്. തുടർന്ന് തൃക്കാക്കര ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ക്ഷേത്രക്കുളത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കാക്കനാട് സണ്‍റൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മനോജ് ചുഴലി രോഗബാധിതനാണ്. ക്ഷേത്രക്കുളത്തിൽ ചൂണ്ട ഇടാൻ പോയതെന്നാണ് സൂചന. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അച്ഛൻ: തായി. അമ്മ: രാജമ്മ. സഹോദരങ്ങൾ: മുരളി, വിജയൻ, പരേതനായ ബോസ്, പരേതനായ അനി.
ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു
10:36 PM May 27, 2023 | Deepika.com