കോതമംഗലം: ജനങ്ങളുടെ സേവകരാണ് എന്ന മനോഭാവത്തോടെ വേണം ഓരോ ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കേണ്ടതെന്ന് മന്ത്രി പി. രാജീവ്. ചെറിയപള്ളി കണ്വന്ഷന് സെന്ററില്‍ ‘കരുതലും കൈത്താങ്ങും’ കോതമംഗലം താലൂക്കുതല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന നയത്തോട് ചേര്‍ന്നാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചില പുഴുക്കുത്തുകള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. അവര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ല. എങ്ങനെ ഒരു അപേക്ഷ തീര്‍പ്പാക്കാതിരിക്കാം എന്നല്ല മറിച്ച് എങ്ങനെ നിയമവിധേയമായി തീര്‍പ്പാക്കാം എന്നാണ് ചിന്തിക്കേണ്ടത്. എറണാകുളം ജില്ലയിലെ താലൂക്കുതല അദാലത്തുകള്‍ വലിയ വിജയമായിരുന്നുവെന്നും മികച്ച പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥര്‍ നടത്തിയതെന്നും മന്ത്രി പറഞ്ഞു. അദാലത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ കാലതാമസം കൂടാതെ നടപ്പാക്കണമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി പി. പ്രസാദ് പറഞ്ഞു.
13 പേര്‍ക്ക് മുന്‍ഗണനാ വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ ഉദ്ഘാടന വേദിയില്‍ വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ആന്റണി ജോണ്‍ എംഎല്‍എ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്, നഗരസഭ ചെയര്മാന് കെ.കെ. ടോമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷിബു കുര്യാക്കോസ്, മൂവാറ്റുപുഴ ആര്‍ഡിഒ പി.എന്‍. അനി, ഡി.എഫ്.ഒ.മാരായ രവികുമാര്‍ മീണ, വരുണ്‍ ഡാലിയ, ഡെപ്യൂട്ടി കളക്ടര്‍മാരായ ബി. അനില്‍കുമാര്‍, എസ്. ബിന്ദു, കെ. ഉഷ ബിന്ദുമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
178 പരാതികൾ പരിഹരിച്ചു
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 278 അപേക്ഷകളാണ് അദാലത്തില്‍ ലഭിച്ചത്. 236 എണ്ണം പരിഗണിച്ചു. അതില്‍ 178 അപേക്ഷകരെ മന്ത്രിമാരായ പി. രാജീവും പി. പ്രസാദും നേരില്‍കണ്ട് പരാതികള്‍ പരിഹരിച്ചു. 58 പരാതികള്‍ മാറ്റിവച്ചു. നേരത്തെ ലഭിച്ച അപേക്ഷകള്‍ക്കു പുറമെ അദാലത്തില്‍ നേരിട്ടും അപേക്ഷകള്‍ നല്‍കിയിരുന്നു. വര്‍ഷങ്ങളായി കരം അടക്കാന്‍ കഴിയുന്നില്ലെന്ന കുട്ടമ്പുഴ കല്ലുങ്കല്‍ ശോഭന വിജയന്, പല്ലാരിമംഗലം പാറക്കല്‍ പി.കെ. റസാക്ക് എന്നിവരുടെ പരാതികളില്‍ അദാലത്തില്‍ തീര്‍പ്പായി.
നാലുവര്‍ഷമായി പെന്ഷന് മുടങ്ങിയെന്ന പരാതിയുമായി 94 വയസുള്ള പോത്താനിക്കാട് പടിഞ്ഞാറ്റിപുത്തന്പുരയില് ഏലമ്മ എസ്തപ്പാനും അദാലത്തിലെത്തിയിരുന്നു. ഇക്കാര്യത്തില്‍ തുടര്‍നടപടികളെടുക്കുമെന്ന് മന്ത്രി അറിയിച്ചു. നീണ്ടപാറയിലെ കാട്ടാനശല്യത്തെ പ്രതിരോധിക്കാന്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ നിയോഗിക്കാന്‍ മന്ത്രി പി. പ്രസാദ് നിര്‍ദേശം നല്കി.
ഉദ്യോഗസ്ഥർ ജനസേവകരായി പ്രവർത്തിക്കണം: മന്ത്രി പി. രാജീവ്
01:06 AM May 27, 2023 | Deepika.com