ഫുൾ എ പ്ലസിന്റെ ഇരട്ടത്തിളക്കം
01:06 AM May 26, 2023 | Deepika.com
കോതമംഗലം: പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടി സെന്റ് ജോർജിന്റെ ഇരട്ടകളുടെ തിളക്കമാർന്ന വിജയം. കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ അനവദ്യ എ. നായർ, അവന്തിക എ. നായർ എന്നിവരാണ് സ്കൂളിന് ഇരട്ടത്തിളക്കം സമ്മാനിച്ചത്. ബയോളജി സയൻസായിരുന്നു ഇരുവരുടേയും വിഷയം. അവന്തികയ്ക്ക് 97 ശതമാനവും അനവദ്യക്ക് 95.6 ശതമാനം മാർക്കുമാണ് ലഭിച്ചത്. അനവദ്യ ബിഎസ്സി കെമസ്ട്രിയും അവന്തിക എൻജിനീയറിംഗിന് പഠിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഇരുവർക്കും എസ്എസ്എൽസിക്കും ഫുൾ എ പ്ലസ് ലഭിച്ചിരുന്നു. ആയക്കാട് അന്പലപ്പടി നാവള്ളിൽ അനിൽകുമാർ - രഞ്ജന ദന്പതികളുടെ മക്കളാണ്. പിതാവ് അനിൽകുമാർ നെല്ലിക്കുഴി ഇന്ദിരാഗാന്ധി പോളിടെക്നിക്ക് കോളജ് അധ്യാപകനാണ്. മക്കളുടെ നേട്ടത്തിൽ മാതാപിതാക്കളും ആഹ്ലാദത്തിലാണ്.