കൊച്ചി: 13352/13351 ആലപ്പുഴ ധന്‍ബാദ് ആലപ്പുഴ എക്സ്പ്രസിലെ സ്ലീപ്പര്‍ കോച്ചുകളില്‍ അനുവദിച്ചിരുന്ന ഡി-റിസര്‍വേഷന്‍ കോച്ചുകള്‍ നിര്‍ത്തലാക്കിയത് സ്ഥിരം യാത്രക്കാര്‍ക്ക് തിരിച്ചടിയായി. ആലപ്പുഴയ്ക്കും തൃശൂരിനും ഇടയില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന ആയിരത്തിലധികം പേരാണ് ഇത്തരത്തില്‍ പ്രതിസന്ധിയിലായത്.
കോവിഡ് മഹാമാരിക്കു മുന്‍പ് ഇത്തരം സംവിധാനം ധാരാളം പേര്‍ക്ക് ഉപകാരപ്രദമായിരുന്നു. എന്നാല്‍ ആധുനിക കോച്ചുകള്‍ ലഭിച്ചതോടെ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം ചുരുക്കുകയും എസി കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു. പകല്‍സമയം സ്ലീപ്പര്‍ കോച്ചുകളില്‍ സീസണ് ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള സംവിധാനം നിര്‍ത്തലാക്കിയിട്ടുമുണ്ട്. മറ്റെല്ലാ വണ്ടികളിലും ഘട്ടംഘട്ടമായി ഈ സംവിധാനം തിരികെ കൊണ്ടുവന്നപ്പോഴാണ് ഈ ട്രെയിനിനോടു മാത്രം റെയില്‍വേ അനീതി കാണിക്കുന്നത്.
പരിഷ്കാരം പുനഃപരിശോധിക്കണമെന്നും മുന്‍പ് തങ്ങള്‍ക്കുണ്ടായിരുന്ന സംവിധാനങ്ങള്‍ തിരികെ കൊണ്ടുവരണമെന്നും യാത്രക്കാരുടെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
ഡി-റിസര്‍വേഷന്‍ കോച്ചുകള്‍ നിര്‍ത്തലാക്കിയത് തിരിച്ചടി
01:09 AM May 25, 2023 | Deepika.com