പയ്യന്നൂര്‍: ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പയ്യന്നൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് സമ്മേളന വാര്‍ഷികം താക്കീതായി മാറുമെന്ന് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്. 1928ല്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിന്റെ തൊണ്ണൂറ്റി അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി നടന്ന വിളമ്പരജാഥ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പാര്‍ലമെന്റില്‍ സവര്‍ക്കറുടെ പ്രതിമപോലും സ്ഥാപിച്ച് സ്വാതന്ത്ര്യസമരത്തെ തമസ്കരിക്കാനുള്ള ഹീനശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് സമ്മേളനത്തിന്റെ വാര്‍ഷികം താക്കീതായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍ണസ്വരാജ് പ്രഖ്യാപനവുമായി ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍ 1928ല്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 95-ാം വാര്‍ഷികാഘോഷം ഇന്നുമുതല്‍ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടക്കും. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നത്. ഇന്നുരാവിലെ പത്തിന് ഗാന്ധി പാര്‍ക്കില്‍ സജ്ജമാക്കുന്ന നെഹ്റു സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സ്വാതന്ത്ര്യ സമര സേനാനികളുടെ ഭവനങ്ങളിലേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനവും നടക്കും. നാളെ രാവിലെ 10.30ന് ഗാന്ധിപാര്‍ക്കില്‍ 'നെഹ്റുവിന്റെ ഇന്ത്യ' എന്ന വിഷയത്തില്‍ നടക്കുന്ന ചരിത്ര സെമിനാര്‍ എം.കെ.രാഘവന് എംപി ഉദ്ഘാടനം ചെയ്യും. 27ന് വൈകുന്നേരം മൂന്നിന് പെരുമ്പ കെഎസ്ആര്‍ടിസിക്ക് സമീപത്തു നിന്നും ആരംഭിക്കുന്ന പ്രകടനം ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം എഐസിസി ജന.സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി മുഖ്യപ്രഭാഷണം നടത്തും. പത്മശ്രീ വി.പി. അപ്പുക്കുട്ടപൊതുവാളെ ചടങ്ങില്‍ ആദരിക്കും.
ചരിത്രം വളച്ചൊടിക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് സമ്മേളനം താക്കീതാകും: മാര്ട്ടിന് ജോര്‍ജ്
12:58 AM May 25, 2023 | Deepika.com