കണ്ണൂർ: കേന്ദ്ര സർക്കാരിനോട് റബറിന് 300 രൂപ വില സ്ഥിരത ഫണ്ട് ആവശ്യപ്പെട്ട് സിപിഎം നടത്തുന്ന സമരം കടപട നാടകവും ആത്മാർഥതയില്ലാത്തതുമാണെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല. സിപിഎമ്മിന് ആത്മാർഥതയുണ്ടെങ്കിൽ കഴിഞ്ഞ് തെരഞ്ഞെടുപ്പ് പ്രകട പത്രികയിൽ വാഗ്ദാനം ചെയ്ത 250 രൂപ വില സ്ഥിരത ഫണ്ട് നൽകുകയാണ് ആദ്യം ചെയ്യേണ്ടത്. പൊതു മാർക്കറ്റിൽ റബറിന് 168 രൂപ വിലയുള്ളപ്പോൾ ബജറ്റിൽ 170 രൂപ വിലസ്ഥിര താ ഫണ്ട് നിശ്ചയിച്ച് 500 കോടി രൂപ വകയിരുത്തിയിരുന്നു. മുൻ വർഷങ്ങളിൽ റബറിന് വില കൂടിയതിനാൽ ഈ തുക കാര്യമായി ഉപയോഗിക്കേണ്ടതായി വന്നില്ല.
എന്നാൽ പിന്നീട് വിലകുറഞ്ഞ് 133 വരെയായി. ഇപ്പോൾ 158 ൽ നിൽക്കുന്നു. വില സ്ഥിരത ഫണ്ടിന്റെ ആനുകൂല്യം ലഭിക്കുന്നതിനായി കൊടുത്ത ബില്ലിൻ മേൽ പണം കിട്ടാനായി കർഷകർ കാത്തിരിക്കുകയാണ്. മാസങ്ങളായി ഒരു തുക പോലും കൊടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല .കഴിഞ്ഞ മാസം ഏതാനും ചില കർഷകർക്ക് മാത്രം ഒരു ബില്ലിന്റെ തുക കിട്ടിയത് ഒഴിച്ചാൽ ഇനിയും കോടിക്കണക്കിന് രൂപയാണ് കൊടുക്കാനുള്ളത്. സർക്കാർ 250 രൂപ വില സ്ഥിരത ഫണ്ട് അനുവദിച്ച് മുഴുവൻ കർഷകരെയും സഹായിക്കാൻ തയറാകണമെന്ന് ജോസ് പൂമല ആവശ്യപ്പെട്ടു.
റബറിന്റെ വിലസ്ഥിരത: സിപിഎം സമരം ആത്മാർഥതയില്ലാത്തതെന്ന് കർഷക കോൺഗ്രസ്
12:52 AM May 23, 2023 | Deepika.com