കുവൈറ്റിൽ ശൈത്യം തുടരും; മാർച്ച് അവസാനം വരെയെന്ന് കാലാവസ്ഥ കേന്ദ്രം

07:02 PM Jan 25, 2022 | Deepika.com
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ശൈത്യം തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. രാത്രിയിലും കടുത്ത ശൈത്യം അനുഭവപ്പെടുമെന്നും ജനങ്ങൾ വേണ്ടത്ര ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പിൽ പറയുന്നു.

രാജ്യത്തിന്‍റെ മിക്ക മേഖലകളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അഞ്ചു ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ചില സ്ഥലങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. താപനിലയിൽ കാര്യമായ കുറവുണ്ടാകാന്‍ സാധ്യത കുറവാണെന്നും ഇപ്പോഴെത്തെ കാലാവസ്ഥ മാർച്ച് അവസാനമോ ഏപ്രിൽ ആദ്യ വാരമോ വരെ തുടരുമെന്നും കാലാവസ്ഥ നിരീക്ഷകൻ അദേൽ അൽ മർസൂഖ് പറഞ്ഞു .

അതിനിടെ അൽ-അസ്റാഖ് സീസണ്‍ ഇന്നലെ മുതല്‍ ആരംഭിച്ചതായി അദേൽ അൽ മർസൂഖ് പറഞ്ഞു . അടുത്ത എട്ടു ദിവസം അസ്റാഖ് സീസണ്‍ നീണ്ടുനിൽക്കും. ഫെബ്രുവരി 10 മുതൽ ഒരാഴ്ചത്തേക്ക് കഠിനമായ ശൈത്യത്തിന് സാധ്യതയെറെയാണെന്നും അതിനു ശേഷം ശൈത്യം കുറയുമെന്നും മാർച്ച് 21 ന് വസന്തകാലം ആരംഭിക്കുമെന്നും അദേൽ അൽ മർസൂഖ് പറഞ്ഞു.

സലിം കോട്ടയിൽ