കു​വൈ​റ്റി​ൽ ന​ഴ്‌​സിം​ഗ് ജോ​ലി​ക്കു വ​രു​ന്ന​വ​ർ ഇ​ട​നി​ല​ക്കാ​ർ​ക്ക് പ​ണം കൊ​ടു​ക്ക​രു​ത്: അം​ബാ​സ​ഡ​ർ

06:49 PM Jan 25, 2022 | Deepika.com
കുവൈറ്റ് സിറ്റി: നഴ്സിംഗ് ജോലിക്ക് വരുന്നവർ ഇടനിലക്കാർക്ക് പണം കൊടുക്കരുതെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ്. ഇന്ത്യൻ എംബസി സംഘടിപ്പിച്ച പ്രതിമാസ ഓപ്പൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിൽ കരാറിൽ പറഞ്ഞിട്ടുള്ള മുഴുവൻ ശമ്പളവും നൽകാതെയുള്ള റിക്രൂട്ട്മെന്‍റ് അംഗീകരിക്കില്ല. ആരോഗ്യ മന്ത്രാലയത്തിലേക്ക് റിക്രൂട്ട്മെന്‍റിന് ഇടനിലക്കാർക്ക് പണം നൽകുകയും വേണ്ട. റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട പരസ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അനധികൃതവും തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതുമായ പരസ്യങ്ങളും ഇടപെടലുകളും എംബസിയുടെ ശ്രദ്ധയിൽപെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

സൂം ആപ്ലിക്കേഷൻ വഴി നടത്തിയ ഓപ്പൺ ഹൗസിൽ നിരവധി പേർ പങ്കെടുത്തു. പുതിയ പാസ്പോർട്ട്, കോൺസുലർ ഔട്ട്സോഴ്സിംഗ് സെന്‍റർ, നഴ്സിംഗ് റിക്രൂട്ട്മെന്‍റ്, ഒമിക്രോൺ വെല്ലുവിളി എന്നിവയായിരുന്നു ഓപ്പൺ ഹൗസിലെ പ്രധാന അജണ്ടകള്‍.

ഔട്ട്സോഴ്സിംഗ് കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ മികച്ചതാണെന്ന് പ്രതീക്ഷിക്കുന്നു. ആളുകളുടെ സൗകര്യത്തിനായി എംബസി ഉദ്യോഗസ്ഥരെ മൂന്നിടത്തും വിന്യസിച്ചിട്ടുണ്ട്. . സേവനങ്ങൾ സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ സമൂഹത്തിന് സുഗമമായ കോൺസുലാർ സേവനം നൽകുന്നത് പ്രഥമ മുൻഗണനകളിലൊന്നാണ്. ഭൂരിഭാഗം അറ്റസ്റ്റേഷൻ ജോലികളും ഇപ്പോൾ ഔട്ട്‌സോഴ്‌സിംഗ് കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സേവനങ്ങൾ ആളുകൾക്ക് അവരുടെ താമസ സ്ഥലത്തിന് അടുത്ത് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

വാരാന്ത്യങ്ങളിൽ ഉൾപ്പെടെ എല്ലാ ദിവസവും രാത്രി എട്ടുവരെ ഔട്ട്സോഴ്സിംഗ് കേന്ദ്രങ്ങൾ തുറന്നിടുന്നു. ഇത് ഓഫീസുകളിൽനിന്ന് അവധിയെടുക്കാതെയും എംബസിയിലേക്ക് ടാക്സി വിളിക്കാതെയും സേവനങ്ങൾ നേടാൻ സഹായിക്കുന്നു.

അതുപോലെ, പല സേവനങ്ങൾക്കും ഫീസും കുറക്കാൻ കഴിഞ്ഞു. ഉദാഹരണത്തിന് ഫോട്ടോ സേവനങ്ങൾക്കുള്ള ഫീസ് മുൻകാലങ്ങളിൽ 2.750 ദീനാർ ആയിരുന്നത് ഇപ്പോൾ 300 ഫിൽസ് ആയി കുറച്ചു. വീസകൾക്കുള്ള ഫോറം പൂരിപ്പിക്കൽ മൂന്നു ദീനാറിൽനിന്ന് 100 ഫിൽസായും പാസ്‌പോർട്ടുകൾക്കുള്ള ഫോറം പൂരിപ്പിക്കൽ ഒരു ദീനാറിൽനിന്ന് 100 ഫിൽസായും ഫോറം പൂരിപ്പിക്കാനുള്ള ഇന്‍റർനെറ്റ് സൗകര്യത്തിന് ഒരു ദീനാറിൽനിന്ന് 100 ഫിൽസായും കുറയ്ക്കാൻ കഴിഞ്ഞു. ജനങ്ങൾക്ക് മികച്ച കോൺസുലാർ സേവനവും കുറഞ്ഞ ചെലവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അംബാസഡർ സിബി ജോർജ് പറഞ്ഞു.

സലിം കോട്ടയിൽ