"ശബ്ദമില്ലാതെ ജനസേവനം നടത്തണം'

07:21 PM Jan 24, 2022 | Deepika.com
ജിദ്ദ: നാനാവിധ ജീവല്‍പ്രശ്‌നങ്ങളുമായി പ്രയാസപ്പെടുന്ന അസംഖ്യംപേര്‍ പ്രവാസികളുടെ ഇടയിലുണ്ടെന്നും ഇവര്‍ക്ക് സാന്ത്വനം പകരുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രവാസികൾ സമയം കണ്ടെത്തണമെന്നും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ പി.വി. ഹസന്‍ സിദ്ദീഖ് ബാബു.

നാലു പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബാബു, ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജിജിഐ) നല്‍കിയ യാത്രയയപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

സേവനം ചെയ്യാന്‍ എന്തിനാണ് ശബ്ദം എന്നാണ് എപ്പോഴും ആലോചിക്കാറ്. ദൈവികപ്രീതി കരഗതമാക്കാന്‍ മികച്ച മാര്‍ഗം, ശബ്ദമുണ്ടാക്കാതെ സേവനനിരതമാകുന്നതിലാണെന്ന തിരിച്ചറിവോടെയാണ് എളിയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.

മഹാമാരിക്കാലത്ത് പല ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ള 97 പേരുടെ ജയില്‍മോചനം സാധ്യമാക്കാനായത് ഒരു നിമിത്തമായിരുന്നുവെന്ന് ജിജിഐ ട്രഷറര്‍ കൂടിയായ ബാബു ചൂണ്ടിക്കാട്ടി. പ്രയാസപ്പെടുന്നവര്‍ക്ക് സാന്ത്വനം പകരാന്‍ എളിയ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍, നാം പോലും പ്രതീക്ഷിക്കാതെ സ്രഷ്ടാവ് അത് വിജയിപ്പിച്ചുതരുമെന്നതിന്‍റെ തെളിവുകള്‍ അദ്ദേഹം സദസുമായി പങ്കുവച്ചു. ഇതര മതസ്ഥര്‍ക്കിടയില്‍ ഇസ് ലാമിന്‍റെ സുന്ദരമുഖം അനുഭവഭേദ്യമാക്കാന്‍ സാധിക്കുന്നതിനൊപ്പം അനിര്‍വചനീയമായ ആത്മഹര്‍ഷവും നല്‍കുന്നതാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളെന്ന് ഉദാഹരണസഹിതം വിവരിച്ച അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ എല്ലാ പ്രവാസികളോടും അഭ്യര്‍ഥിച്ചു.

ജീവകാരുണ്യ മേഖലയില്‍ പ്രവാസി സമൂഹത്തിന് മികച്ചൊരു റോള്‍ മോഡലാണ് ബാബുവെന്നും ആരവങ്ങളില്ലാതെ അദ്ദേഹം നിര്‍വഹിച്ചുപോന്ന നിസ്വാര്‍ഥ സേവനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരേണ്ടതുണ്ടെന്നും ചടങ്ങില്‍ സംസാരിച്ച ജിജിഐ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ജിജിഐ പ്രസിഡന്‍റ് ഡോ. ഇസ്മായില്‍ മരുതേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ, ഇബ്രാഹിം ശംനാട്, ജലീല്‍ കണ്ണമംഗലം, നൗഫല്‍ പാലക്കോത്ത്, സാദിഖലി തുവ്വൂര്‍, ഇസ്ഹാഖ് പൂണ്ടോളി, കബീര്‍ കൊണ്ടോട്ടി. ഗഫൂര്‍ കൊണ്ടോട്ടി, മന്‍സൂര്‍ മാസ്റ്റര്‍, പി.എം. മുര്‍തദ, അഷ്‌റഫ് പട്ടത്തില്‍, എ.പി.എ ഗഫൂര്‍, മുസ്തഫ പെരുവള്ളൂര്‍, സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍, റഹ്മത്ത് ടീച്ചര്‍, നാസിറ സുല്‍ഫി എന്നിവര്‍ സംസാരിച്ചു. അരുവി മോങ്ങം കവിതയാലപിച്ചു. പുതിയ ട്രഷററായി ഇബ്രാഹിം ശംനാടിനെ തെരഞ്ഞെടുത്തു. ഹസന്‍ സിദ്ദീഖ് ബാബുവിന് ജിജിഐയുടെ ഉപഹാരം സമ്മാനിച്ചു.

കെ.‌ടി. മുസ്തഫ പെരുവള്ളൂർ