അമേരിക്കയിൽ സൗജന്യ ഹോം കോവിഡ് ടെസ്റ്റ് കിറ്റുകൾ ജനുവരി 15 മുതൽ

09:44 AM Jan 15, 2022 | Deepika.com
വാഷിംഗ്ട‌ൺ ഡിസി: അമേരിക്കയിൽ സൗജന്യ ഹോം കോവിഡ് ടെസ്റ്റ് കിറ്റുകളുടെ വിതരണം ജനുവരി 15 മുതൽ ആരംഭിക്കും. കോവിഡ് ടെസ്റ്റുകൾ വർധിപ്പിക്കുക എന്ന ബൈഡൻ സർക്കാരിന്‍റെ നയപരമായ തീരുമാനത്തിന്‍റെ ഭാഗമായാണ് നടപടി.

ഓൺലൈൻ വഴിയോ, സ്റ്റോറുകളിൽനിന്നോ ഡോക്ടറുടെ കുറിപ്പില്ലാതെതന്നെ ഇവ നേരിട്ടു വാങ്ങാവുന്നതാണ്. ടെസ്റ്റ് കിറ്റു വാങ്ങുന്പോൾ പണം നൽകണമെങ്കിൽ അതിന്‍റെ രസീത് സൂക്ഷിക്കേണ്ടതും ഇൻഷ്വറൻസ് കന്പനികൾ അതു പൂർണമായും തിരിച്ചു നൽകുന്നതുമാണ്. ഒരു കിറ്റിന്‍റെ വില 12 ഡോളറാണ്. ജനുവരി 15 മുതൽ വാങ്ങുന്നവർക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക.

ഒരു വീട്ടിലെ ഒരാൾക്ക് ഒരു മാസത്തേക്ക് എട്ട് ടെസ്റ്റ് കിറ്റുകൾ ലഭിക്കുന്പോൾ, നാലംഗ കുടുംബത്തിനു മാസം 32 കിറ്റുകൾ ലഭിക്കും. വ്യക്തികളുടെ ഇൻഷ്വറൻസ് കന്പനികളുടെ നെറ്റ്‌വർക്കിലുള്ള ഫാർമസികളിൽ നിന്നോ സ്റ്റോറുകളിൽനിന്നോ വാങ്ങാവുന്നതാണ്. മെഡികെയർ ഉള്ളവർക്ക് ഒരു മെഡിക്കൽ പ്രഫഷ‌ണൽ വഴി ലാബുകളിൽ കോവിഡ് ടെസ്റ്റുകൾ സൗജന്യമായി ലഭിക്കും.

covidtests.gov എന്ന വെബ്സൈറ്റിലൂടെയും കിറ്റ് ഓർഡർ ചെയ്യാം. 12 ദിവസത്തിനുള്ളിൽ വീട്ടിൽ ‌ടെസ്റ്റ് കിറ്റുകൾ എത്തും. ഓൺലൈനിലൂടെ ഓർഡർ ചെയ്യുവാൻ കഴിയാത്തവർക്ക് വൈറ്റ് ഹൗസ് ഒരു ഹോട്ട് ലൈൻ ഉട‌ൻ ആരംഭിക്കും. ഇതിന്‍റെ പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

പി.പി. ചെറിയാൻ