സാം പൈനുംമൂടിന് എംഎംഎഫ് യാത്രയയപ്പു നൽകി

12:11 PM Jan 10, 2022 | Deepika.com
കുവൈറ്റ്‌ സിറ്റി: നാല്പത്തിരണ്ടു വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റിലെ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സാം പൈനുംമൂടിനും കുടുംബത്തിനും മലയാളി മീഡിയ ഫോറത്തിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.

ഫർവാനിയ ഷെഫ് നൗഷാദ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനറൽ കൺവീനർ സജീവ് കെ. പീറ്റർ അധ്യക്ഷത വഹിച്ചു. തന്റെ മൗലികമായ ഇടപെടലുകളിലൂടെ
കുവൈറ്റിന്‍റെ പ്രവാസ ഭൂമികയിൽ തന്റെ വ്യക്തിമുദ്ര അടയാളപ്പെടുത്തിക്കൊണ്ടാണ് സാം പ്രവാസ ജീവിതം അവസാനിപ്പിക്കുന്നതെന്നു അധ്യക്ഷ പ്രസംഗത്തിൽ സജീവ് പറഞ്ഞു.
ചടങ്ങിൽ കൺവീനർമാരായ നിക്‌സൺ ജോർജ് സ്വാഗതവും ജലിന് തൃപ്പയാർ നന്ദിയും പറഞ്ഞു. മീഡിയ ഫോറത്തിന്‍റെ ഉപഹാരം ഭാരവാഹികൾ സാമിനു കൈമാറി.

"തികഞ്ഞ സംതൃപ്തിയോടെയാണ് മടങ്ങുന്നത്, നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതമാണ് തന്നെ ഇന്നത്തെ സാം ആക്കിയതെന്നും തന്‍റെ വ്യക്തിത്വവികസനത്തിലും വളർച്ചയിലും ഇടതുപക്ഷ പ്രസ്ഥാനവും സാംസ്‌കാരിക സംഘടനയായ കലയും നിർണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്നും മറുപടി പ്രസംഗത്തിൽ സാം പറഞ്ഞു.

എ.എം. ഹസൻ, സിദ്ദീഖ് വലിയകത്ത്, മുസ്തഫ, സത്താർ കുന്നിൽ, ടി.വി. ഹിക്മത്ത്, ഗഫൂർ മൂടാടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സലിം കോട്ടയിൽ