ഇന്ത്യന്‍ എംബസിയില്‍ തിങ്കളാഴ്ച കോൺസുലാർ സേവനങ്ങള്‍ ഉണ്ടാവില്ല

04:38 PM Jan 09, 2022 | Deepika.com
കുവൈറ്റ് സിറ്റി : കോവിഡുമായി ബന്ധപ്പെട്ട മുൻകരുതൽ ആരോഗ്യ നടപടികളുടെ ഭാഗമായി 2022 ജനുവരി 10 ന് എംബസിയില്‍ കോൺസുലാർ സേവനങ്ങള്‍ ലഭ്യമായിരിക്കില്ലെന്ന് എംബസി അധികൃതര്‍ അറിയിച്ചു. അടിയന്തര കോൺസുലാർ സേവനങ്ങളും മിഷൻ പ്രവര്‍ത്തനങ്ങളും തുടർന്നും നൽകും.

ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് പാസ്സ്പോർട്ട്‌ സേവന കേന്ദ്രങ്ങളുടെയും പ്രവർത്തനം ജനുവരി 11 മുതൽ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റും. ഷർഖിലെ കേന്ദ്രം ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ ജവാഹറ ടവറിലെ മൂന്നാം നിലയിലേക്കും ജിലീബ് അൽ ശുയൂഖിലേത് ജിലീബിലെ ഒലീവ് സൂപർ മാർക്കറ്റ് കെട്ടിടത്തിലേക്കും ഫഹാഹീലേത് മക്ക സ്ട്രീറ്റിലെ അൽ അനൂദ് ഷോപ്പിംഗ് കോംപ്ലക്സിലെ മെസ്സാനൈൻ ഫ്ലോറിലേക്കുമാണ് മാറ്റിയത്.

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങൾക്കുമായി എംബസിയുടെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകളിലോ cons1.kuwait@mea.gov.in ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് എംബസ്സി അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

സലിം കോട്ടയിൽ